Thenilum madhuram vedam

തേനിലും മധുരം വേദമല്ലാതി-

ന്നേതുണ്ടുചൊൽ തോഴാ

നീ സശ്രദ്ധമിതിലെ സത്യങ്ങൾ

വായിച്ചു ധ്യാനിക്കുകെൻ തോഴാ!

 

മഞ്ഞുപോൽ ലോകമഹികൾ മുഴുവൻ

മാഞ്ഞിടുമെൻ തോഴാ

ദിവ്യരഞ്ജിത വചനം ഭഞ്ജിതമാകാ

ഫലം പൊഴിക്കും തോഴാ

 

പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു-

മിതിന്നു സമമോ തോഴാ?

എന്നുംപുതുബലമരുളും അതിശോഭ കലരും

ഗതിതരുമന്യൂനം

 

തേനൊടു തേൻ കൂടതിലെ നൽതെളിതേ-

നിതിന്നു സമമോ തോഴാ?

ദിവ്യ തിരുവചനം നിൻദുരിതമകറ്റാൻ

വഴിപറയും തോഴാ

 

ജീവനുണ്ടാക്കും ജഗതിയിൽ ജനങ്ങൾ-

ക്കതിശുഭമരുളിടും

നിത്യജീവാത്മസൗഖ്യം ദേവാത്മാവരുളും

വഴിയിതു താൻ ന്യൂനം

 

കാനനമതിൽവച്ചാനന്ദരൂപൻ

വീണവനോടെതിർക്കേ ഇതിൻ

ജ്ഞാനത്തിൻ മൂർച്ച സ്ഥാനത്താലവനെ

ക്ഷീണിപ്പിച്ചെന്നോർക്ക

 

പാർത്തലമിതിലെ ഭാഗ്യങ്ങളഖിലം

പരിണമിച്ചൊഴിഞ്ഞിടിലും

നിത്യപരമേശവചനം പാപിക്കു ശരണം

പരിചയിച്ചാൽ ന്യൂനം.

Your encouragement is valuable to us

Your stories help make websites like this possible.