ദൈവമേയത്രയഗാധമഹോ! നിൻ
ദിവ്യവിചാരണകൾ ഓർത്താൽ
എവ്വിധമതിലെ ദിവ്യരഹസ്യങ്ങൾ
ചൊവ്വോടറിഞ്ഞിടുന്നു
വാനവും ഭൂമിയുമാഴവുമൊരുപോൽ
വാണരുളുന്നു സദാ മഹാ
ജ്ഞാനത്തോടവയെ നിൻമഹത്വത്തിന്നായ്
നീ നടത്തിടുന്നഹോ!
നിൻപ്രിയ ദാസരിൻ നന്മയിലേക്കായ്
അൻപിയലും പരനേ എല്ലാം
ഇമ്പമോടൊന്നായ് വ്യാപരിച്ചിടുന്നു
തുമ്പമവർക്കു വൃഥാ
മൊട്ടിനു കയ്പു രുചിക്കിലുമായതു
പൊട്ടിവിടർന്നിടുമ്പോൾ അതു
കാട്ടുമതിൻ മധുരാകൃതിയും തേൻ
കട്ടയുമുണ്ടകമേ
ശിക്ഷയിലും ബഹുകഷ്ടത തന്നിലും
അക്ഷയനാം പരനേ നിന്റെ
രക്ഷയിൻ മാമധുരം രുചിക്കാമതു
നിശ്ചയമീയെനിക്കു
എന്തിനു പൊങ്ങി വരുന്നൊരു കാറിനാൽ
ചിന്ത തളർന്നിടുന്നു പരം
ചിന്തിടുമാറതു പൂർണ്ണമതോർത്താൽ
സന്തോഷമേയെനിക്കു
വൻകടലിൽ തിരകൊണ്ടുമറിഞ്ഞാൽ
സങ്കടമെന്തിനതിൽ എനി-
ക്കെൻകണവന്നുടെ ശക്തിയെ കാണാം
ശങ്കകൂടാതുടനെ
എത്ര കറുത്തൊരിരുട്ടിലുമീ ഞാൻ
കർത്തനേ നിൻ വലങ്കൈ കണ്ടെൻ
അത്തലടക്കി മനോസുഖമെപ്പോഴും
എത്തിടാമേ പരനേ!