ദേവ ദേവ നന്ദനൻ കുരിശെടുത്തു
പോവതു കാണ്മിൻ പ്രിയരേ
കാവിലുണ്ടായ ശാപം പോവാനിഹത്തിൽ വന്നു
നോവേറ്റു തളർന്നയ്യോ! ചാവാനായ് ഗോൽഗോത്തായിൽ
പരമപിതാവിനുടെ തിരുമാർവിലിരുന്നവൻ
പരമഗീതങ്ങൾ സദാ പരിചിൽ കേട്ടിരുന്നവൻ
പരമദ്രോഹികളാകും നരരിൽ കരളലിഞ്ഞു
സർവ്വമഹിമയും വിട്ടുർവ്വിയിങ്കൽ വന്നയ്യോ
കുറ്റമറ്റവൻ കനിവറ്റ പാതകനാലെ
ഒറ്റപ്പെട്ടു ദുഷ്ടരാൽ കെട്ടിവരിയപ്പെട്ടു
ദുഷ്ടകൈകളാലടിപ്പെട്ടുഴുത നിലംപോൽ
കഷ്ടം! തിരുമേനിയോ മുറ്റുമുഴന്നുവാടി
തിരുമുഖാംബുജമിതാ അടികളാൽ വാടിടുന്നു
തിരുമേനിയാകെ ചോര തുടുതുടയൊലിക്കുന്നു
അരികളിന്നരിശമോ കുറയുന്നില്ലൽപ്പവുമേ
കുരിശിൽ തറയ്ക്കയെന്നു തെരുതെരെ വിളിക്കുന്നു
കരുണതെല്ലുമില്ലാതെ അരികൾ ചുഴന്നുകൊണ്ടു
ശിരസ്സിൽ മുൾമുടിവെച്ചു തിരുമുഖം തുപ്പി ഭാര
കുരിശങ്ങെടുപ്പിച്ചയ്യോ! കരകേറ്റിടുന്നിതാ കാൽ
വരിമലയിങ്കൽ തന്നെ കുരിശിച്ചിടുവാനായി
കുറ്റമറ്റവൻ പാപപ്പെട്ടവൻ പോൽ പോകുന്നു
ദുഷ്ടർ കൂട്ടം ചുഴന്നു ഏറ്റം പങ്കം ചെയ്യുന്നു
പെറ്റമാതാവങ്ങയ്യോ! പൊട്ടിക്കരഞ്ഞിടുന്നു
ഉറ്റനാരിമാർ കൂട്ടമെത്രയുമലറുന്നു
എത്രയും കനിവുള്ള കർത്താവേ! ഭർത്താവേ! ഈ
ചത്തചെള്ളാം പാപിമേലെത്ര സ്നേഹം നിനക്കു
കർത്താവേ, നീ നിന്റെ രാജ്യത്തിൽ വരുമ്പോളീ
ഭൃത്യനെയും കൂടെയങ്ങോർത്തുകൊണ്ടിടണമേ.