മന്നവനേശുതാനുന്നത ബലിയായ്
തീർന്നതിനെ നിനപ്പാൻ -മന്നിൽ
തന്നൊരു നിയമം ഇന്നിഹ നാമനു-
വർത്തിക്കുന്നാദരവായ്
അപ്പമെടുത്തവൻ വാഴ്ത്തി നുറുക്കി തൻ
അപ്പോസ്തലർക്കരുളി -ചൊല്ലി
നിങ്ങൾക്കു വേണ്ടി നുറുങ്ങിടും ദേഹമെൻ
വാങ്ങി ഭുജിപ്പിനെന്നു
മന്ന പൊഴിഞ്ഞതു തിന്നു ജനങ്ങൾ
അന്നുയിരോടിരുന്നു -എന്നാൽ
എന്നെ ഭുജിപ്പവരെല്ലാമനാരതം
ജീവിക്കുമെന്നുരച്ചു
പാനപാത്രത്തെയെടുത്തവൻ ചൊന്നിതെൻ
രക്തത്തിൻ പുതുനിയമം -ഇതു
പാനം ചെയ്തിടുമ്പോഴൊക്കെയും നിങ്ങളെൻ
ഓർമ്മയ്ക്കായ് ചെയ്തുകൊൾവിൻ
തേനും വിശേഷമാം പാലുമൊഴുകിടും
ദേശം കനാനതിങ്കൽ -ഉള്ള
പാനത്തെക്കാൾ രുചിയേറുന്നൊരാത്മീയ
പാനമുണ്ട് നമുക്ക്
പൊന്നു തിരുമേനിയാകെയടികളാൽ
നൊന്തു നുറുങ്ങിയതും -രക്തം
ചിന്തി മരിച്ചുയിരേകിയതും ഇപ്പോൾ
ചിന്തിച്ചു നന്ദിയോടെ.