വാഞ്ഛിതമരുളിടും വാനവർക്കധിപ നീ
വന്നിടുക വരം തന്നിടുക
തഞ്ചമടിയർക്കു നീയെന്നറിഞ്ഞടിയങ്ങൾ
അഞ്ചിടാതെ പരം കെഞ്ചിടുന്നേ
മുൾപ്പടർപ്പിന്നുമേൽ കെൽപോടമർന്നൊരു
ചിൽപ്പൊരുളേ, ദയാതൽപ്പരനേ,
ദർപ്പമെല്ലാം നീക്കി ഉൾക്കലഹം പോക്കി
സത്പഥമടിയർക്കു കാട്ടുക നീ
ആത്മവിശപ്പുദാഹമേറ്റമരുൾക ദേവാ
തൃപ്തരായടിങ്ങൾ തീർന്നിടുവാൻ
സൂക്ഷ്മമാം തിരുമൊഴി കേട്ടറിഞ്ഞതുവിധം
ശുദ്ധിയായ് ജീവിപ്പാറാകണമേ
പൊന്നിലുമഖിലമീ മന്നിലുമതുവിധം
വിണ്ണിലും വിലയേറും നിൻവചനം
ഇന്നു ധരിച്ചു ഞങ്ങൾ ധന്യരായ് തീരുവാൻ
മന്നവനേ, ദയ ചെയ്യണമേ
മന്ദമനസ്സുകളിലുന്നത ബലത്തോടു
ചെന്നിടണം പരാ നിൻവചനം
നന്ദിയോടടിയങ്ങൾ നിന്നെ വണങ്ങാനരുൾ
ചെയ്യണമേ കൃപ പെയ്യണമേ
പൂവിലും മണമേറും പൊന്നിലുമൊളിചിന്നും
തേനിലും മധുരമേ നിൻവചനം
രാവിലും പകലിലും ജീവനായ് ഭവിച്ചുമൽ
ഭാവിയനുഗ്രഹമാകണമേ.