സാധു കൊച്ചുകുഞ്ഞ് ഉപദേശി

മധ്യതിരുവിതാംകൂറിലെ പമ്പാനദിയുടെ തീരത്തുള്ള ഇടയാറന്മുള ഗ്രാമത്തില്‍ മൂത്താമ്പാക്കല്‍ തറവാട്ടില്‍ കൊ. വ 1059 വൃശ്ചികം 22-ാം തീയതിയാണ് സാധു കൊച്ചുകുഞ്ഞ് ഉപദേശി ജനിച്ചത്.(വൃശ്ചികം 14-ാം തീയതിയാണ് ജനിച്ചത് എന്ന അഭിപ്രായവുമുണ്ട്.)

സൗമ്യനും നിര്‍മ്മലഹൃദയനുമായ ഇട്ടിയായിരുന്നു പിതാവ്. വക്രത തൊട്ടുതാണ്ടീട്ടില്ലാത്ത ആ ശുദ്ധഗതിക്കാരന്‍ തികഞ്ഞ ദൈവ ഭക്തനായിരുന്നു. ഇടയാറന്മുള പേരിങ്ങോട്ടുപടിക്കല്‍ കുടുമ്പാംഗമായ മറയാമ്മയായിരുന്നു മാതാവ്. സാധുക്കളെ സഹായിക്കുന്നതില്‍ ഇവര്‍ക്കുള്ള സന്മനസ്സ് പ്രസിദ്ധമാണ്. ഈ ദമ്പതികളുടെ കടിഞ്ഞൂല്‍ സന്താനം ഒരാണ്‍കുട്ടിയായിരുന്നുവെങ്കിലും രണ്ടര വയസുള്ളപ്പോള്‍ ആറ്റില്‍വീണ് അകാലചരമം പ്രാപിച്ചു. തുടര്‍ന്ന് ആറു പുത്രികള്‍ക്കു ജന്മം നല്കിയ ഈ ദമ്പതികള്‍ക്ക് ഒരു മകനെ ലഭിക്കുന്നതിനു നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജനിച്ച മകനാണ് കൊച്ചുകുഞ്ഞ്. അതുകൊണ്ടുതന്നെ സഹോദരിമാരുടേയും മാതാപിതാക്കളുടേയും വാത്സല്യഭാജനമായി വളരുന്നതിന് ഭാഗ്യം സിദ്ധിച്ചു.

കൊച്ചുകുഞ്ഞിന്‍റെ സ്കൂളിലെ പേര് എം.ഐ. വറുഗീസ് എന്നായിരുന്നു.ഇടയാറന്മുള കുന്നുംപുറത്ത് എം.റ്റി.എല്‍.പി. സ്കൂളിലാണ് കൊച്ചുകുഞ്ഞിന്‍റെ പ്രാഥമിക വിദ്യാഭ്യാസത്തിനു ഹരിശ്രീ കുറിച്ചത്. മഹാകവികെ.വി. സൈമന്‍റെ ജ്യേഷ്ഠ സഹോദരനും, തികഞ്ഞ പണ്ഡിതനും ആധ്യാത്മികാചാര്യനുമായിരുന്ന കുന്നുംപുറത്തു കെ.വി.ചെറിയാന്‍ സാറായിരുന്നു പ്രഥമാധ്യാപകന്‍, അതുകൊണ്ട് ആധ്യാത്മികചൈതന്യം പ്രസരിച്ചിരുന്ന ഒരധ്യാപകന്‍റെ ശിക്ഷണത്തില്‍ വിദ്യാഭ്യാസം ചെയ്യുന്നതിനു കൊച്ചുകുഞ്ഞിനുകഴിഞ്ഞു.

ശൈശവവിവാഹം നിലനിന്നിരുന്ന അക്കാലത്തു കൊച്ചുകുഞ്ഞിന്‍റെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് അവരുടെ ഏകമകന്‍ വിവാഹിതനായിക്കാണുവാന്‍ അതിയായി ആഗ്രഹിച്ചു. അങ്ങനെ പന്ത്രണ്ടാം വയസ്സില്‍ കൊച്ചുകുഞ്ഞ് വിവാഹിതനായി. 1070 മാണ്ടു കുംഭമാസത്തില്‍ ളാക സെന്തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് കുറിയന്നൂര്‍ വട്ടപ്പന തോമസിന്‍റെ മകള്‍ ഏലിയാമ്മയെ വിവാഹം ചെയ്തു. പിന്നീടു കുന്നുംപുറത്തെ സ്കൂളില്‍ അധികദിവസം പഠിച്ചില്ല, എങ്കിലും അവിടെ പഠനം അവിടെ അവസാനിച്ചില്ല. പമ്പാനദിക്ക് അക്കരെ പൂവത്തൂരില്‍ രണ്ടു ക്ലാസ് മാത്രമുള്ള ഇംഗ്ലീഷ് സ്കൂളില്‍ പഠനം തുടര്‍ന്നു. അവിടെ കൊച്ചുകുഞ്ഞ് തന്നെയായിരുന്നു ഒന്നാമന്‍. കണക്കില്‍ വേണ്ടത്ര താല്പര്യമില്ലാതിരുന്ന കൊച്ചുകുഞ്ഞ് മറ്റൊരു വിദ്യാര്‍ഥിയുടെ ഗൃഹപാഠം പകര്‍ത്തിയപ്പോള്‍ ഇക്കണക്കും നിനക്കറിഞ്ഞുകൂടെ എന്നു പരിഹാസസ്വരത്തില്‍ ചോദിച്ചു. അഭിമാനക്ഷുഭിതനായ കൊച്ചുകുഞ്ഞ് ഏകാഗ്രപരിശ്രമത്തിലൂടെ ആ വിഷയത്തിലും ഒന്നാമനായിത്തീര്‍ന്നു.

രണ്ടുവര്‍ഷത്തിനുള്ളില്‍ സ്കൂള്‍ നിലച്ചുപോയതുകൊണ്ടു വിദ്യാഭ്യാസം ഔപചാരികമായി അവിടെ അവസനിപ്പിക്കേണ്ടിവന്നു.കൊച്ചുകുഞ്ഞിന്‍റെ പതിനഞ്ചാമത്തെ വയസില്‍ മാതാവ് നിര്യാതയായി, ശരീരസുഖം വേണ്ടത്രയില്ലാതിരുന്ന പിതാവിനെ സഹധര്‍മിണിയുടെ വിയോഗം കൂടുതല്‍ ക്ഷീണിതനാക്കി. അങ്ങനെ കുടുംബഭാരം കൊച്ചുകുഞ്ഞിനു ഏറ്റെടുക്കേണ്ടിവന്നു, കൃഷിയായിരുന്നു പ്രധാനജോലി. മൂത്താമ്പക്കല്‍ കുടുംബത്തിനു സ്വന്തം പുരയിടത്തിലും പാട്ടപുരയിടത്തിലും കൃഷിയുണ്ടായിരുന്നു. കടുത്ത സാമ്പത്തികക്ലേശം അന്നു കുടുംബത്തെ തളര്‍ത്തിയിരുന്നു. നാലു പെണ്‍മക്കളെ വിവാഹം ചെയ്തയച്ചുകഴിഞ്ഞപ്പോള്‍ അവശേഷിച്ചതു മൂത്താമ്പക്കല്‍ പുരയിടവും കുറെ കടവും മാത്രമായിരുന്നു. വീട്ടുചിലവുകള്‍ നടത്തുക, കൃഷികാര്യങ്ങള്‍ അന്വേഷിക്കുക തുടങ്ങിയവയെല്ലാം കൊച്ചുകുഞ്ഞിന്‍റെ ചുമലിലായി. പഠിക്കുവാനുള്ള തൃഷ്ണ
കെട്ടടങ്ങിയിട്ടില്ലാത്ത കൊച്ചുകുഞ്ഞ്, കൃഷിപ്പണിക്കിടയില്‍ കിട്ടുന്ന വിശ്രമവേളകളില്‍ വൃക്ഷത്തണലിലിരുന്നു പുസ്തകം വായിക്കുമായിരുന്നു.

കൃഷിയും കച്ചവടവും മാത്രമായി ജീവിതം തള്ളിനീക്കുകയായിരുന്നില്ല, കൊച്ചുകുഞ്ഞിന്‍റെ ജീവിതലക്ഷ്യം.നന്നേചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു. പതിന്നെന്നു വയസ്സുള്ളപ്പോള്‍, ഇടവകപള്ളിയില്‍ നടന്ന യോഗത്തില്‍ ക്രിസ്തു എന്‍റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നുവെന്നുസാക്ഷ്യം പറഞ്ഞു. യോഗനടത്തിപ്പുകാരില്‍ ഒരാള്‍ നിന്‍റെ പാപം എന്താണു കുഞ്ഞേ എന്നു ചോദിച്ചപ്പോള്‍ എന്താണു പറയേണ്ടതെന്നറിയാതെ ഒരു നിമിഷം വിവര്‍ണനായി നിന്നുവെങ്കിലും മാതാപിതാക്കളെ അനുസരിക്കാതിരുന്നത് എന്നു തിടുക്കത്തില്‍ മറുപടി കൊടുത്തു. പതിനേഴുവയസ്സായപ്പോഴേക്കും കൊച്ചുകുഞ്ഞ് സുവിശേഷപ്രവര്‍ത്തനത്തിനു വേണ്ടി സ്വയം സമര്‍പ്പിതനായി.

കൊച്ചുകുഞ്ഞിന്‍റെ ഇരുപതാമത്തെ വയസ്സില്‍ പിതാവു മരണമടഞ്ഞു. ഇതിനോടകം കൊച്ചുകുഞ്ഞ് പിതാവായിതീര്‍ന്നിരുന്നു, പിന്നീടു ജീവിക്കാനുള്ള സമരമായിരുന്നു. കൃഷികൊണ്ടുമാത്രം ജീവിക്കാന്‍ കഴിയാതിരുന്ന കൊച്ചുകുഞ്ഞ് ജൗളിക്കച്ചവടം ആരംഭിച്ചു. ദയാര്‍ദ്രമനസായിരുന്ന അദ്ദേഹത്തിന് ആ രംഗത്തു കുറേകടം മാത്രമാണ് ശേഷിച്ചത്. ഒരിക്കല്‍ വിവാഹത്തോടനുബന്ധിച്ചു തുണിത്തരങ്ങള്‍ കടം വാങ്ങിയ ഒരാള്‍ വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു പൈസാപോലും തിരികെകൊടുത്തില്ല. ഇതിനിടയ്ക്ക് അടുത്തുള്ള ഒരു സ്കൂളില്‍ അധ്യാപകവൃത്തിയിലും ഏര്‍പ്പെട്ടു, അവിടെയും അധികം തുടര്‍ന്നില്ല.പകല്‍ മുഴുവന്‍ എല്ലുമുറിയെ പണിയെടുത്തിരുന്ന കൊച്ചുകുഞ്ഞ്, വൈകിട്ടു റാന്തല്‍ വിളക്കുമായി സുവിശേഷ പ്രവര്‍ത്തനത്തിനിറങ്ങും.

പ്രാര്‍ത്ഥനാകൂട്ടങ്ങള്‍ നടത്തുക, കുട്ടികള്‍ക്കുവേണ്ടി യോഗം ക്രമീകരിക്കുക, സണ്‍ഡേസ്കൂള്‍ അധ്യാപനം നടത്തുക തുടങ്ങി ഇടവകയിലെ ആത്മീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കരിമ്പിനു ജോലി ചെയ്യാന്‍ പോകുമ്പോള്‍ അടുത്തപറമ്പിലെ കരമ്പു വീണു കിടക്കുന്നതു കണ്ടാല്‍ അതു നേരെ ആക്കിയിട്ടേ തന്‍റെ ജോലി ചെയ്യുകയുള്ളൂ. ജോലി ചെയ്യാന്‍ വരുമ്പോള്‍തന്‍റെ തലയിലുള്ള തൊപ്പിയില്‍ വേദപുസ്തകഭാഗങ്ങള്‍ വച്ചിരിക്കും. വിശ്രമസമയത്ത് അവ വായിക്കുകയുംപ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.ഇടവക പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ടിരുന്ന കൊച്ചുകുഞ്ഞിനു കൂട്ടായിരുന്നതു ദിവ്യശ്രീ ആനിക്കാട് തോമസ് കശീശായും കെ.വി. സൈമണ്‍ സാറുമായിരുന്നു. ഇവരുടെ പ്രവര്‍ത്തനത്തിന്‍റെ വേദിയായിരുന്നു ഈ.സി.എഫ്. യൂണിറ്റി (ഇടയാറന്മുള ക്രിസ്ത്യന്‍ ഫെലോഷിപ്പ് യൂണിറ്റി). രണ്ടുമൂന്നു വര്‍ഷങ്ങളായി സംഘടിത
പ്രവര്‍ത്തനം നടന്നിരുന്നുവെങ്കിലും ഒരു സംഘടനയായി രൂപപ്പെട്ടത് കൊ.വ.1081-ലാണ്. പതിനേഴ് അംഗങ്ങളുണ്ടായിരുന്ന സംഘടനയുടെ ചെയര്‍മാന്‍ കെ.വി. സൈമണും സെക്രട്ടറി കൊച്ചുകുഞ്ഞുമായിരുന്നു.

സമീപ പ്രദേശങ്ങളായ കിടങ്ങന്നൂര്‍, നാല്‍ക്കാലിക്കല്‍, മെഴുവേലി, മാലക്കര, കുഴിക്കാല, പരപ്പുഴ തുടങ്ങയ സ്ഥലങ്ങളില്‍ പല പ്രാവിശ്യം പരസ്യയോഗങ്ങള്‍ ക്രമീകരിച്ചു. ഭവനസന്ദര്‍ശനമാണ് സംഘടനയുടെ മറ്റൊരു മുഖ്യ പരിപാടി. ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ ധാരാളം രാത്രിയോഗങ്ങളും നടത്തിയിരുന്നു. ഇത്തരം സംഘടിത പ്രവര്‍ത്തനങ്ങള്‍, അനേകം പേരുടെ മാനസാന്തരത്തിനും, ക്ഷീണത വിശ്വാസികളുടെ ശക്തീകരണത്തിനും ഇടയായിട്ടുണ്ട്.

കൊച്ചുകുഞ്ഞ് ദിവസവും മണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നു,പ്രാര്‍ത്ഥനക്കുശേഷമേ ഏതുകാര്യവും തീരുമാനിക്കുകയുള്ളൂ. ദൈവകരങ്ങളില്‍ സ്വയം സമര്‍പ്പിക്കുന്നതിനു തീരുമാനം എടുത്തതും ആ നിമിഷങ്ങളില്‍ത്തന്നെ.

വ്യക്തമായ ദര്‍ശനവും ലക്ഷ്യവുമുണ്ടായിരുന്ന കൊച്ചുകുഞ്ഞിന്‍റെ ജീവിതം കടുത്ത സംഘര്‍ഷങ്ങളുടെയും പരിശോധനകളുടെയും തീച്ചൂളയായിരുന്നു. കുടുംബത്തിന്‍റെ ഭാരവും അധ്വാനത്തിന്‍റെ ക്ഷീണവും ഒരുവശത്ത്, സുവിശേഷഘോഷണത്തിനുവേണ്ടിയുള്ള വെമ്പലും വേദനയും മറുവശത്ത്. ദാരിദ്ര്യം വീട്ടില്‍ തേര്‍വാഴച നടത്തി. ബാഹ്യലോകവുമായുണ്ടായിരുന്ന സമസ്തബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. വെളിച്ചമധികംകടന്നുചെല്ലാത്ത ഒരു നിലവറയിലായിരുന്നു താമസം. ഭാര്യയും മക്കളും അവരുടെ വീട്ടിലേക്കു പോയി,ആരും സഹായത്തിനില്ല, നാട്ടുകാരും വീട്ടുകാരും പരിഹസിച്ചു. ഇതിനിടയില്‍ രണ്ടാമത്തെ മകന്‍ ശമുവേല്‍കുട്ടി മരിച്ചു. കൊച്ചുകുഞ്ഞിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു അത്. പുത്രന്‍റെ ജീവനുവേണ്ടി പ്രാര്‍ഥിച്ചു എന്നാല്‍ ദൈവഹിതം അതല്ലന്ന് ഒടുവില്‍ മനസിലാക്കി.

ദുഃഖത്തിന്‍റെ പാനപാത്രം കര്‍ത്താവ് തന്‍റെ കരങ്ങളില്‍ ഏല്‍പ്പിക്കുകയാണന്ന് അദ്ദേഹത്തിനു ബോധ്യമായി, സന്തോഷപൂര്‍വ്വം ആ പാനപാത്രം കൈനീട്ടി വാങ്ങി. ആ കാലഘട്ടത്തെ ബാഖായുടെ ദിവസങ്ങള്‍ (കണ്ണുനീരിന്‍റെ ദിനങ്ങള്‍) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചതു. ജീവിതസുഖങ്ങളോടു സാധു കൊച്ചുകുഞ്ഞിനുണ്ടായ വിരക്തി, ഭക്തിജീവിതത്തോടുള്ള ആസക്തിയില്‍ നിന്നും ഉറവെടുത്തതാണ്. ഭക്ഷണകാര്യത്തില്‍ പാലിച്ചിരുന്ന നിയന്ത്രണം അതികഠിനമായിരുന്നു. ഏതെങ്കിലും ഒരു ഭക്ഷണപദാര്‍ഥത്തില്‍ താല്‍പര്യമുണ്ടന്നു മനസിലായാലുടനെ അതു വര്‍ജ്ജിച്ചിരുന്നു. പകല്‍സമയത്തു വെള്ളംപോലും കുടിക്കാതെ പൂര്‍ണ്ണമായി ഭക്ഷണം വര്‍ജ്ജിച്ചു. ഒരുനേരം മൂന്നിനത്തില്‍ കൂടുതല്‍ ഭക്ഷിക്കുമായിരുന്നില്ല. ഒരു മാസം പത്തൊമ്പതു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അതും ഒന്നോ രണ്ടോ പിടി ചോറുമാത്രം. മത്സ്യമാംസാദികള്‍ കഴിക്കാറില്ല, രാത്രി പത്തുമണിക്കുശേഷമേ ഭക്ഷണം കഴിക്കുകയുള്ളൂ. ഒമ്പതുദിവസം ഭക്ഷണം കഴിച്ചാല്‍ പത്താമത്തെ ദിവസം രാത്രിയില്‍ വെറും വെള്ളം മാത്രംകുടിക്കും. വ്യാഴം മുതല്‍ ഞായര്‍ വരെ ദിവസങ്ങളില്‍ ആകെ രണ്ടുനേരമേ ഭക്ഷണം കഴിക്കാറുള്ളൂ. ആ ദിവസങ്ങളില്‍ ഇരുപതു പ്രസംഗങ്ങളോളം ചെയ്തിരിക്കും. മുപ്പതുവയസ്സിനു മുമ്പു സ്വീകരിച്ച ഈ ജീവിതനിഷ്ഠകള്‍ മുപ്പതില്‍പ്പരം വര്‍ഷം പാലിച്ചു. ശരിയായി ഭക്ഷണം കഴിച്ചാല്‍ കുറേക്കൂടി ശക്തിയോടെ വേലചെയ്യാമല്ലോ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അങ്ങനെയാണങ്കില്‍ കൊച്ചുകുഞ്ഞ് മാത്രമേ കാണുകയുള്ളൂ എന്നായി
രുന്നു സാധുവിന്‍റെ മറുപടി.

പ്രേഷിതവൃത്തിയില്‍ വ്യാപൃതനായതോടുകൂടിയാണ് കൊച്ചുകുഞ്ഞ് ഉപദേശി സാധു കൊച്ചുകുഞ്ഞ് ഉപദേശി എന്ന പേരില്‍ പ്രസിദ്ധനായത്, തികച്ചും ലളിതമായ ആ ജീവിതം സാധുവിന്‍റെ നാമം അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാക്കുന്നു.

വെള്ള ഷര്‍ട്ടും വെള്ള മുണ്ടും വെള്ള നേരിയതും മാത്രമേ സാധു ധരിക്കാറുള്ളൂ. മുണ്ടിനു കരപോലും പാടില്ലന്ന് നിര്‍ബന്ധമുണ്ട്. ആവശത്തിലധികം വസ്ത്രം കരുതിവെക്കാറുമില്ല.  ഞായറാഴ്ച ജോലിചെയ്യില്ലന്നു മാത്രമല്ല കൂലിവണ്ടിയില്‍ കയറുകപോലും ചെയ്തിരുന്നില്ല. ഒരിക്കല്‍ മദ്രാസില്‍ സമ്മേളനത്തില്‍ പ്രസംഗക്കുന്നതിന് സാധു ക്ഷണിക്കപ്പെട്ടു, ഞായറാഴ്ച് ആയതുകൊണ്ട് ധാരാളം പേര്‍ വന്നുകൂടിയിട്ടുണ്ട്. അരമണിക്കൂര്‍ വൈകിയാണ് സാധു സമ്മേളനത്തിനു എത്തിച്ചേര്‍ന്നത്. നഗരത്തിലെ തിരക്കിനിടയിലൂടെ മൂന്നുമൈല്‍ നടന്നാണെത്തിയത്. ഞായറാഴ്ച ആചരണത്തില്‍ ഒരു വിട്ടുവീഴ്ചക്കും സാധു തയ്യാറായിരുന്നില്ല.

സ്വതന്ത്ര സഭാവിഭാഗങ്ങളായ ബ്രദറണ്‍, പെന്തക്കോസ്ത്, യൂയോമയ സഭകള്‍ കേരളത്തില്‍ ചുവടുറപ്പിക്കുന്ന സമയത്ത് സാധു കൊച്ചുകുഞ്ഞിന്‍റെ ഉറ്റ സുഹൃത്തായിരുന്ന കെ.വി. സൈമണ്‍ ബ്രദറണ്‍ സഭയില്‍ ചേര്‍ന്നു. എന്നാല്‍ താന്‍ ജനിച്ചുവളര്‍ന്ന മാര്‍ത്തോമ്മാ സഭയില്‍ത്തന്നെ ഉറച്ചുനിന്നുകൊണ്ട് സുവിശേഷപ്രഘോഷണം നടത്തണമെന്നായിരുന്നു സാധുവിന്‍റെ ഉറച്ച നിലപാട്. മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത തിരുമനസുകൊണ്ടു സഭയുടെ എല്ലാ ഇടവകകളിലും സഞ്ചരിച്ചു സുവിശേഷം പ്രസംഗിക്കുന്നതിനു കൊ.വ 1091-ാംമാണ്ടു കന്നിമാസം 20-ാം തീയതി 17-ാം നമ്പര്‍ കല്പനയിലൂടെ സാധു കൊച്ചുകുഞ്ഞിന് അനുമതി നല്കി.

സാധുവിന്‍റെ പ്രസംഗം കേള്‍ക്കാത്തവരായി ആ നാട്ടില്‍ അധികമാരും ഉണ്ടായിരുന്നില്ല. പ്രസംഗം ഉണ്ടെന്നറിഞ്ഞാല്‍ ജനങ്ങള്‍ സഭാവ്യത്യാസമെന്യേ തിങ്ങിക്കൂടും. സാധാരണയായി വ്യാഴം മുതല്‍ ഞായര്‍ വരെയായിരിക്കും യോഗം ക്രമീകരിക്കുക. മറ്റു ദിവസങ്ങളില്‍ വീട്ടില്‍ മടങ്ങിയെത്തി വായനയിലും പ്രാര്‍ത്ഥനയിലും മുഴുകിയിരിക്കും. പ്രസംഗമുള്ള ദിവസങ്ങളില്‍ രാവിലെ 7.30-ന് ആരംഭിക്കുന്ന പരിപാടി അവസാനിക്കുന്നതു രാത്രി പത്രണ്ടുമണിക്കായിരിക്കും. രാവിലെ കുട്ടികളുടെ യോഗം, പിന്നീടു ബൈബിള്‍ ക്ലാസ്, പത്തുമണിക്കു പെതുയോഗം, പിന്നീടു 2.30-ന് പൊതുയോഗം, നാലുമണിക്ക് പരസ്യയോഗം, രാത്രി എട്ടുമണിക്കു വീണ്ടും പൊതുയോഗം ഇത് പന്ത്രണ്ടുമണിവരെ ദീര്‍ഘിച്ചിരിക്കുന്നത് അസാധാരണമായിരുന്നില്ല, ഇങ്ങനെ നാലു ദിവസത്തിനുള്ളില്‍ ഇരുപതിലധികം പ്രസംഗങ്ങള്‍ ചെയ്തിരിക്കും, തിരുവചനത്തിന്‍റെ ഉറപ്പുള്ള അടിത്തറ സാധുവിന്‍റെ പ്രസംഗത്തിനു കരുത്തേകിയിരുന്നു.

സാധു കൊച്ചുകുഞ്ഞിന്‍റെ പ്രസംഗവേദി ആത്മീയ ഉണര്‍വിന്‍റെ പ്രഭാവലയംകൊണ്ട് അനുഗ്രഹീതമായിരുന്നു. ആത്മീയ ഉണര്‍വ് എന്നു പറയുമ്പോള്‍ വികാരാവേശ പ്രകടനങ്ങളൊന്നുമായിരുന്നില്ല. അദ്ദേഹത്തിന്‍റെ ഗീതങ്ങള്‍ ഉണര്‍വ് ജ്വലിപ്പിക്കുന്നവയായിരുന്നു. ലൗകിക ജീവിതത്തിന്‍റെ നിസ്സാരതയും ക്രിസ്തുവിന്‍റെ പുനരാഗമനത്തിലുള്ള പ്രത്യാശയുമാണ് ഗീതങ്ങളില്‍ നിറഞ്ഞു നില്ക്കുന്നത്.

ഉണര്‍വിന്‍റെ പ്രധാന ലക്ഷ്യം
1. അഗാധമായ പാപബോധം
2. പരിശുദ്ധാത്മാവിലുള്ള സന്തോഷം
3. രക്ഷിക്കപ്പെടാത്തവരെക്കുറിച്ചുള്ള ഉള്ളുരുക്കം
4. ശക്തിയേറിയ സാക്ഷ്യം എന്നിവയായിരുന്നു.

അഗാധമായ പാപബോധമുണ്ടാകുമ്പോള്‍ ജനങ്ങള്‍ നിലവിളിയോടെ പാപം ഏറ്റു പറയുകയും വിദ്വേഷികളായിരുന്നവര്‍ കെട്ടിപ്പിടിച്ചു പരസ്പരം ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
മദ്യപാനത്തിലും, മ്ലേച്ഛപാപങ്ങളിലും, ക്ഷുദ്രകര്‍മ്മങ്ങളിലും, വെറിക്കൂത്തുകളിലും, കേഡി സെറ്റുകളിലും,സെന്‍ട്രല്‍ ജയിലിലും തങ്ങളുടെ ആയുസ്സിന്‍റെ നല്ല ഭാഗങ്ങളെ ചെലവഴിച്ചവരായ അനേകര്‍ ആത്മീയഉണര്‍വു ലഭിച്ചവരായി കണ്ണുനീരോടും മാറത്തടിയോടുംകൂടെ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ചുകര്‍ത്താവിനെ രക്ഷിതാവായി സ്വീകരിച്ചു. മന്ത്രവാദികളായ ചില യൗവനക്കാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളെ അഗ്നിയില്‍ ദഹിപ്പിക്കുകയും മോഷ്ടിച്ചും അപഹരിച്ചും എടുത്തിട്ടുള്ള അനേക സാധനങ്ങള്‍ തിരികെക്കെടുക്കുകയും അനേക വഴക്കുകളും തര്‍ക്കങ്ങളും മറ്റും യോജിപ്പില്‍ തീരുകയും ചെയ്തിട്ടുണ്ട്.

സാധു കൊച്ചുകുഞ്ഞിന്‍റെ പ്രസംഗങ്ങളധികവും സാധാരണ ജനങ്ങളെ ലക്ഷ്യമാക്കി ലളിതമായ ഭാഷയില്‍ കഥകളും, സംഭവവിവരങ്ങള്‍കൊണ്ടും സമ്പന്നമായിരുന്നു. ഫലിതപ്രയോഗങ്ങള്‍ പ്രസംഗശൈലിക്ക് ആകര്‍ഷകത്വം പകര്‍ന്നിരുന്നു ഒപ്പം ആത്മാവിലേക്ക് ഒഴുകിയെത്തുന്ന ഗാനങ്ങളും. ശ്രോതാക്കളുടെ മനസ്സും ശരീരവും ഉണര്‍ത്താന്‍ പ്രസംഗമദ്ധ്യേ പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ട്.

കുമ്പനാട്ടു വച്ചു നടന്ന ഒരു യോഗത്തില്‍ ഒരാഴ്ചയ്ക്കകം കര്‍ത്താവ് വരികയില്ലെന്നു ആര്‍ക്കെങ്കിലും ധൈര്യമായി പറയാമെങ്കില്‍ ആശ്വാസഗീതങ്ങള്‍ ഒരു കോപ്പി സൗജന്യം എന്നു വാഗ്ദാനം ചെയ്തു. ഒരാള്‍ ധൈര്യമായി എഴുന്നേറ്റ് നിന്ന് പാട്ടുപുസ്തകം വങ്ങി. ആ വര്‍ഷത്തെ മാരാമണ്‍ കണ്‍വന്‍ഷന് പന്തല്‍ ഇടാന്‍ ഈറ്റ കൊണ്ടുവരാന്‍ ഏറ്റിരുന്ന ആളാണ്. ഒരാഴ്ചയ്ക്കകം കര്‍ത്താവ് വരുമായിരുന്നെങ്കില്‍ യോഗഭാരവാഹികള്‍തന്നെ ഭരമേല്പിക്കുകയില്ലായിരുന്നുവെന്നായിരുന്നു അയാളുടെ വാദം. ളാക സെന്തോമസ് പള്ളിയില്‍ നടന്ന മറ്റെരു യോഗത്തില്‍ മനുഷ്യജീവിതത്തിന്‍റെ അസ്ഥിരതയെക്കുറിച്ച് വാചാലനായി പ്രസംഗിക്കുന്നതിനിടയില്‍ ശ്രോതാക്കളോട് ഒരു ചോദ്യം ഉന്നയിച്ചു മുപ്പതു ദിവസത്തിനകം ഞാന്‍ മരിക്കുകയില്ലെന്നു പറയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ എങ്കല്‍ ഈ ടോര്‍ച്ച് ലൈറ്റ് വെറുതെ
കൊടുക്കാം ഒരു യുവാവ് മുന്നോട്ടു വന്ന് ഒരു മാസത്തിനുള്ളില്‍ മരിക്കുകയില്ലെന്നു പറഞ്ഞ് ഉപദേശിയുടെ കൈയില്‍നിന്നും ടോര്‍ച്ച് ലൈറ്റ് വാങ്ങി മടങ്ങി.

പ്രേക്ഷിത പ്രവര്‍ത്തനത്തില്‍ സാധു കൊച്ചുകുഞ്ഞ് സ്വീകരിച്ച പ്രധാന മാധ്യമം പ്രസംഗവേദിയായിരുന്നു.എന്നാല്‍ അതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല സാധുവിന്‍റെ പ്രവര്‍ത്തനം. ജീവിതത്തിന്‍റെ സമസ്തമേഖലകളും പ്രേക്ഷിതമേഖലയായി അദ്ദേഹം കരുതിയിരുന്നു. ആത്മീയതയില്‍ മുഴുകി ഭൗതിക യാഥാര്‍ഥ്യങ്ങളെ വിസ്മരിച്ചിരുന്നില്ല. സാമൂഹിക പ്രവര്‍ത്തനം ലക്ഷ്യമാക്കി സ്ത്രീധന ത്യാഗപ്രസ്ഥാനത്തിനു രൂപം നല്കി.

കൂടാതെ ദ്രവ്യാഗ്രഹത്തിനും ചൂഷണത്തിനും അനീതിക്കുമെതിരെ തന്‍റെ നിലപാട് വ്യക്തമാക്കുന്ന മൂന്നു കൃതികളും രചിച്ചിട്ടുണ്ട്.

 • സ്ത്രീധനത്യാഗം
 • ലേലച്ചിട്ടിദോഷം
 • വ്യാപാരധര്‍മ്മം

കേരള ക്രൈസ്തവരുടെയിടയില്‍ ഉണ്ടായിരുന്ന ഒരേര്‍പ്പാടാണു വിവാഹത്തോടനുബന്ധിച്ചുള്ള സ്ത്രീധനസമ്പ്രദായം. അണ്‍മക്കളും പെണ്‍മക്കളും പിതൃസ്വത്തിനു തുല്യ അവകാശികളാണ്. പിതൃസ്വത്തു വിഭജിച്ചു പോകാതിരിക്കുന്നതിനുവേണ്ടി പെണ്‍കുട്ടിയുടെ അവകാശം വിവാഹസമയത്തു പണമായി നല്‍കുന്ന രീതിയാണ് സ്ത്രീധനസമ്പ്രദായത്തിന്‍റെ തുടക്കം. സ്ത്രീധനത്തിനു വകയില്ലാതെ വിവാഹം നടക്കാതെ പെണ്‍കുട്ടികളും, പറഞ്ഞൊത്ത തുക കൊടുത്തു തീര്‍ക്കാനാവാതെ വീട്ടില്‍ വിധവകളെപ്പോലെ കഴിയേണ്ടി വന്ന സ്ത്രീകളും അക്കാലത്തു കുറവല്ല. ഈ ദുഷിച്ച സമ്പ്രദായത്തിന് അറുതിവരുത്തുന്നതിനു സാധു സ്ത്രീധനത്യാഗപ്രസ്ഥനം ആരംഭിച്ചു. സമൂഹ മനഃസാക്ഷി ഉണര്‍ത്തുന്നതിനുള്ള സംഘടിത ശ്രമത്തിനു തുടക്കം കുറക്കുകയായിരുന്നു.

ലേലച്ചിട്ടിയുടെ പേരില്‍ അക്കാലത്ത് സാധാരണ ജനങ്ങള്‍ സമ്പന്നവര്‍ഗ്ഗത്തിന്‍റെ ചൂഷണത്തിനു വിധേയരായിരുന്നു. കിടപ്പാടം പണയംവച്ചു ചിട്ടിലേലത്തില്‍ വിളിച്ചു വഴിയാധാരമായ എത്രയോ പാവപ്പെട്ട കുടുംബങ്ങളുണ്ട്, അവരുടെ ദയനീയ ചിത്രം സാധുവിന്‍റെ മനസ്സില്‍ പതിഞ്ഞിരുന്നു. സമ്പത്തും അധികാരവുമുണ്ടെങ്കില്‍ എന്തും നേടാം എന്നു കണക്കാക്കിയിരുന്ന കാലഘട്ടത്തില്‍, സമ്പന്നതയുടെ ഉരുക്കുകോട്ടകള്‍ക്കെതിരെ ധീരതയോടെ പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

വ്യാപാരത്തിന്‍റെ മാന്യതയും ആവശ്യകതയും അംഗീകരിച്ചുകൊണ്ടാണ് വ്യാപാരധര്‍മ്മത്തിനു തുടക്കമിടുന്നത്. ഒരു സാധനം അത് ആവശ്യമുള്ള വേറൊരത്തനു കൊടുപ്പാന്‍ മധ്യത്തില്‍നിന്ന് ഒരുവനില്‍നിന്നുവാങ്ങി മറ്റൊരുവനു കൊടുത്ത് മധ്യസ്ഥതവഹിക്കുന്നവരാണ് കച്ചവടക്കാര്‍. എന്നാല്‍ അത് ക്രൈസ്തവധര്‍മ്മം അനുഷ്ഠിക്കുന്നതിനു വിഘാതമായി നില്‍ക്കുന്ന മേഖലയായി മാറിയിരിക്കുന്നു. ഒരു സത്യക്രിസ്ത്യാനി വ്യാപാരരംഗത്തു എങ്ങനെയായിരിക്കണമെന്ന് സാധു നമ്മളെ പഠിപ്പിക്കുന്നു, ഒരു വ്യാപാരി ലോകത്തിനു നന്മചെയ്യുന്ന ഒരു ശുശ്രൂഷകന്‍ ആയിരിക്കണം, പരമനിഷ്ഠനായിരിക്കണം, സൗമ്യശീലനായിരിക്കണം, വ്യാജപ്പകിട്ടുകാരനായിരിക്കരുത്, ദയാര്‍ദ്രമാനസനായിരിക്കണം, സൂക്ഷ്മദൃഷ്ടി ഉള്ളവനായിരിക്കണം, സുവിശേഷകനായിരിക്കണം. സാധുക്കളോടുള്ള സഹാനുഭൂതികൊണ്ടു സാധുവിന്‍റെ ഹൃദയം സമ്പന്നമായിരുന്നു, തന്‍റെ നാട്ടില്‍ ആരും പട്ടിണി കിടക്കരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. പട്ടിണിക്കാര്‍ക്ക് അരിയും സാധനങ്ങളും കൊണ്ടെത്തിച്ചിരുന്നു, ആവശ്യക്കാര്‍ക്ക് കടയില്‍ ഏര്‍പ്പാടു ചെയ്തിരിക്കും. പുരമേയുന്നതിനു ബുദ്ധിമുട്ടുള്ളവര്‍ക്കും പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്നതിനു വിഷമിക്കുന്നവര്‍ക്കും സഹായം ചെയ്തിരുന്നു.

ഒരിക്കല്‍ രാത്രിയില്‍ ഒരു ബാലന്‍ നനഞ്ഞൊലിച്ചു പോകുന്നതു സാധുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പല ഭവനങ്ങളില്‍ കയറിയിറങ്ങിയ അവന് ആരും ആശ്രയമേകിയില്ല. സാധു അവനെ കുടക്കീഴിലാക്കി ചേര്‍ത്തുപിടിച്ചു വീട്ടില്‍ കൊണ്ടുപോയി കുളിപ്പിച്ചു വസ്ത്രം നല്കി, ആഹാരവും, കിടക്കുന്നതിന് കട്ടിലും പായും നല്‍കി.

തെക്കന്‍ തിരുവിതാംകൂറില്‍ കോളറ പടര്‍ന്നുപിടിച്ച ഘട്ടത്തില്‍ ഓരോ വീട്ടിലും മൂന്നും നാലും പേര്‍ മരണമടഞ്ഞു ഇതറിഞ്ഞ സാധുവും സഹപ്രവര്‍ത്തകരും രോഗികളുടെ ഭവനത്തിലെത്തി അവരെ പരിചരിക്കുകയും, മൃതശരീരങ്ങള്‍ മറവു ചെയ്യുകയും ചെയ്തു. കൂടതെ അനാഥകുഞ്ഞുങ്ങള്‍ക്കുവേണ്ടി മാര്‍ത്താണ്ഡത്ത് ഒരനാഥശാലയും സ്ഥാപിച്ചു. തെക്കന്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് കോട്ടയം എം.റ്റി. സെമിനാരി അദ്യാപകന്‍ സി.എം.ജോണ്‍ (പിന്നീടു യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ) അനാഥരെയും വിധവമാരേയും പരദേശികളേയും പരിരക്ഷിക്കുക ക്രൈസ്തവ ധര്‍മാനുഷ്ഠാനത്തിന്‍റെ പ്രധാന ഭാഗമായി സാധു കരുതിയിരുന്നു. അനാഥ സംരക്ഷണകേന്ദ്രങ്ങളില്ലാതിരുന്ന അക്കാലത്തു സാധു ഒരു മാര്‍ഗദര്‍ശിയായിരുന്നു. കൊ.വ. 1098-മാണ്ടിനടുത്താണ് ആദ്യ അനാഥശാല അദ്ദേഹം സ്ഥാപിച്ചത്.

വിവിധ ജാതിമതസ്ഥരായ അനേകം ബാലികാ ബാലന്മാരെ അദ്ദേഹം അനാഥാലയങ്ങളിലൂടെ പോറ്റിപ്പുലര്‍ത്തി. അനാഥസംരക്ഷണത്തിനു തുടക്കമിട്ടത് ആദ്യം വീട്ടില്‍ത്തന്നെയായിരുന്നു. അവിടെ സ്ഥലസൗകര്യം തികയാതെ വന്നപ്പോള്‍ മറ്റു പലയിടത്തും താമസക്രമീകരണങ്ങള്‍ ചെയ്തു. ഇടയാറന്മുള മാത്രമല്ല,കീഴ്വായിപൂര്, കുറിയന്നൂര്‍, കലയപുരം, മാര്‍ത്താണ്ഡം എന്നിവടങ്ങളിലും അനാഥാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നിരാലംബരായ വൃദ്ധന്മാരെ സംരക്ഷിക്കുന്നതിന് ഒരു വയോവൃദ്ധ മന്ദിരവും സ്ഥാപിച്ചു. പല സ്ഥലങ്ങളിലും ആശ്രമവും അനാഥശാലയും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

സാധു സ്ഥാപിച്ച ആശ്രമങ്ങള്‍

 • ഇടയാറന്മുള ബേത്ലഹേം
 • കലയപുരം സീയോന്‍
 • ഉതിമൂട് ഒലിവ്
 • നെല്ലിക്കമണ്‍ എബനേസര്‍
 • അയിരൂര്‍ കര്‍മേല്‍
 • വെണ്ണിക്കുളം താബോര്‍
 • തിരുനല്‍വേലി ഗലീലിയപുരം
 • മാര്‍ത്താണ്ഡം ബേത്ലഹേം
 • വെണ്മണി ഗില്‍ഗാല്‍
 • കുഴിക്കാലാ റോമോത്
 • ഉമയാറ്റുകര ഹെബ്രോന്‍

സാമ്പത്തിക പരാധീനതമൂലം വിദ്യാഭ്യാസം ലഭിക്കുന്നതിനു മാര്‍ഗമില്ലാതിരുന്നവരെ മുന്നില്‍ കണ്ടുകൊണ്ട് ഒരു സ്കൂള്‍ ആരംഭിച്ചു. കൂടാതെ ഇടയാറന്മുള മാര്‍ത്തോമ്മാ ഹൈസ്കൂള്‍ സ്ഥാപനത്തിനും മുഖ്യപങ്കുവഹിച്ചതും സാധു കൊച്ചുകുഞ്ഞായിരുന്നു. ഇടവകയുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്കൂളിന്‍റെ മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തെന്നിന്ത്യാ മോക്ഷപ്രയാണസംഘം എന്ന പേരില്‍ ഒരു സംഘടന അദ്ദേഹം രൂപവല്‍കരിച്ചിട്ടുണ്ട്. മുഖ്യ പ്രസംഗികനായ റവ. റ്റി. വോക്കര്‍ സായിപ് തിരുനെല്‍വേലിയില്‍ താമസിച്ചിരുന്ന മിഷന്‍ ബംഗ്ലാവില്‍വച്ചാണ് ആരംഭിച്ചത്. ലോകാവസാനവും ക്രിസ്തുവിന്‍റെ പുനരാഗമനവും വിളിച്ചറിയിക്കുന്നതിനു യുഗാന്ത മിഷന്‍ എന്നൊരു സംഘം രൂപീകരിച്ചു. യുഗന്തമിഷന്‍റെ ആദ്യപ്രവര്‍ത്തകനായി നിയമിച്ചത് ജോര്‍ജ്ജ് കാക്കനാടനെയായിരുന്നു (പ്രസിദ്ധ സാഹിത്യകാരനായ ശ്രീ കാക്കനാടന്‍റെ പിതാവ്).

അസ്വാസ്ഥ്യങ്ങള്‍ കൂടെക്കൂടെ ശരീരത്തെ അലട്ടിക്കൊണ്ടിരുന്നു. ഭക്ഷണക്രമം ഭേദപ്പെടുത്തുന്നതിനും ചികിത്സകള്‍ ചെയ്യുന്നതിനും പലഭാഗത്തുനിന്നും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി, ഒരു ഘട്ടത്തില്‍ അതിഭയങ്കരമായ വായുക്ഷോഭവും വയറ്റില്‍ വേദനയും അനുഭവപ്പെട്ടു. ചിരകാലസുഹൃത്തായ വൈദ്യകലാനിധി എം.സി. ജോണ്‍ ഉപദേശിയെ സന്ദര്‍ശിച്ചു. പുളിയിട്ട് കറിവെച്ച മീന്‍ കൂട്ടിയാല്‍ വായുക്ഷോഭം ശമിച്ചേക്കുമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. എന്നാല്‍ വ്രതങ്ങളില്‍നിന്ന് വ്യതിചലിക്കുവാന്‍ ഉപദേശി ഒരുക്കമായിരുന്നില്ല.

ഒരിക്കല്‍ ശാരീരികാസ്വാസ്ഥ്യത്തോടെ കിടപ്പിലായപ്പോള്‍ ആ മനസ്സ് സ്വയം ചോദിച്ചു. എന്തേ ഇങ്ങനെ കിടക്കുവാന്‍ ഇതു പതിവില്ലല്ലോ. പ്രാര്‍ത്ഥനയിലൂടെ തിരുഹിതം തേടിയിരുന്ന സാധു മൂന്നു ദിവസം ഉപവസിച്ചു.ഒടുവില്‍ തിരുഹിതം ബോധ്യമായി മരണം തന്നേ സമീപിച്ചിരിക്കുന്നു. സാധു തന്‍റെ പ്രിയ ശിഷ്യനായ ചാക്കോയോടു പറഞ്ഞു ഞാന്‍ മരിച്ചുപോകും അന്ത്യാഭിലാഷങ്ങള്‍ അറിയിച്ചു. മരണാന്തര കര്‍മ്മങ്ങള്‍ പോലും വ്യക്തമായി പറഞ്ഞു, വെള്ള മുണ്ടും ഷര്‍ട്ടും ഒരുക്കി വയ്ക്കുന്നതിന് ആവശ്യപ്പെട്ടു.

സാധുവിന്‍റെ ക്ഷേമം അന്വേഷിച്ചു അടുത്തുനിന്നും അകലെനിന്നും പ്രിയപ്പെട്ടവരും സ്നേഹിതരും മൂത്താമ്പക്കലേക്ക് വന്നുകൊണ്ടിരുന്നു. അവരുടെ അന്വേഷണങ്ങള്‍ക്ക് സാധു ശാന്തമായി മറുപടിപറഞ്ഞു, ഒപ്പം ഒരു നിര്‍ദ്ദേശവും സന്ദര്‍ശകരെ ഓര്‍മ്മിപ്പിച്ചിരുന്നു, ആരെങ്കിലും രോഗവിവരം അന്വേഷിച്ചാല്‍, ശാന്തമായി കിടക്കുന്നു എന്നു പറയണം.

1121-ാംമാണ്ട് വൃശ്ചികം പതിനാലാം തീയതി വ്യാഴാഴ്ച, സംസ്കാരം സംബന്ധിച്ച് തന്‍റെ അന്ത്യ അഭിലാക്ഷങ്ങള്‍ ഒരു പെന്‍സില്‍ കൊണ്ട് രേഖപ്പെടുത്തി വച്ചു. പ്രാര്‍ത്ഥനകളും പാട്ടുകളുമായി വ്യാഴാഴ്ച രാത്രിയും കടന്നുപോയി. ചാര്‍ച്ചക്കാരും സ്നേഹിതരും മൂത്താമ്പക്കല്‍ തന്നെ കഴിച്ചുകൂട്ടി. പതിനഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ ഭാഗ്യമമേറും കനാന്‍ നാടതില്‍..., കര്‍ത്തൃകാഹളം യുഗാന്ത്യകാലത്തില്‍.... എന്നീ പാട്ടുകള്‍ പാടണമെന്ന് സാധു ആവശ്യപ്പെട്ടു. ആപ്രത്യാശയുടെ ഗാനം കേട്ടപ്പോള്‍ സാധുവിന്‍റെ കണ്ണുകള്‍ തിളങ്ങി. ഏഴരമണിയോടുകൂടി കുറച്ചു ശുദ്ധജലമെടുത്തു നാവ് നനയ്ക്കുന്നതിന് തുനിഞ്ഞപ്പോള്‍ പകല്‍ ജലപാനം ചെയ്യാറില്ലല്ലോ എന്നു പറഞ്ഞു. ഭാര്യയും മക്കളും കൊച്ചുമക്കളും ശിഷ്യന്മാരില്‍ ചിലരും കിടക്കയ്ക്കരുകില്‍ തന്നെയുണ്ട്. അടക്കാനാവാത്ത ദുഃഖം അവരുടെ കണ്ണുകളിലൂടെ നിറഞ്ഞു തുളുമ്പി... ചിലര്‍ വിതുമ്പി കരഞ്ഞു. സാധു അവരെ ധൈര്യപ്പെടുത്തി എടാ പിള്ളാരേ, നിങ്ങള്‍ എന്തിനാണ് ബഹളമുണ്ടാക്കുന്നത്. ഇതുവരെയും എന്നെ വിശ്വസ്തതയോടെ നടത്തിയ നല്ലവനായ ദൈവം നിങ്ങളെയും നടത്തും.

പ്രത്യാശയുടെ ഗനങ്ങള്‍ പാടി നിമിഷങ്ങള്‍ ഒന്നൊന്നായി കടന്നുപൊയ്ക്കോണ്ടിരുന്നു.
സാധു കൈയ്യും കാലും സാവധാനം നിവര്‍ത്തി, പ്രയപ്പെട്ടവരുടെ തേങ്ങലിന്‍റെ സ്വരം കേട്ടപ്പോള്‍ കരഞ്ഞ് എന്നെ അസഹ്യപ്പെടുത്തരുത് എന്ന് പറഞ്ഞു. മൂകത തളം കെട്ടിനില്ക്കുന്ന നിമിഷങ്ങള്‍. വളരെ നേരിയ സ്വരത്തില്‍ സാധു ചോദിച്ചു ഇതാണോ മരണം.... മരിക്കുന്നില്ല ഞാന്‍ വിശ്രമിക്കട്ടേ.... ഇരുകൈകളും മുകുളാകൃതിയില്‍ നെഞ്ചില്‍ ചേര്‍ത്തു വച്ചു. അതിനുശേഷം കൈകള്‍ മുകളിലേക്ക് മന്ദം ഉയര്‍ത്തുകയും വീണ്ടും മുമ്പിലത്തെപ്പോലെ നെഞ്ചത്ത് ചേര്‍ത്തുവയ്ക്കുകയും ചെയ്തു. സാധു നിത്യതയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഏക ആശ്രയമായ കര്‍ത്താവിനെ എതിരേല്ക്കുന്നതിന് ആ പാവനാത്മാവ് നക്ഷത്ര ഗോളങ്ങള്‍ക്കപ്പുറത്തേക്ക് യാത്രയായി...

ഇടയാറന്മുള ളാക സെന്തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സാധുവിന്‍റെ മൃതദേഹം സംസ്കരിച്ചു. രണ്ടു മെത്രാന്‍മാരും നൂറലധികം വൈദികരും ഏകദേശം നാല്പതിനായിരത്തോളം ആളുകളുംഅദ്ദഹത്തിന്‍റെ സംസ്ക്കാര ചടങ്ങില്‍ സംബന്ധിച്ചു. സാധുവിന്‍റെ നിര്‍ദേശപ്രകാരം അവിടെ കുറിച്ച് വച്ചവാക്കുകള്‍... ആത്മാവു നക്ഷത്രഗോളങ്ങള്‍ക്കപ്പുറം കര്‍ത്താവിനെ എതിരേല്പാന്‍ പോയിരിക്കുന്നു. എന്‍റെ കര്‍ത്താവിന്‍റെ വരവില്‍ ദിവ്യ കൂടിക്കാഴ്ചയില്‍ എല്ലാവരുമായി കണ്ടുകൊള്ളാം.....

Thanks:

Rev. Dr Mathew Daniel Thomas

John Philip Nalloor

Kuwait Marthoma Church

Your encouragement is valuable to us

Your stories help make websites like this possible.