അഴലേറും ജീവിത മരുവിൽ

അഴലേറും ജീവിത മരുവിൽ

നീ തളരുകയോ ഇനി സഹജ!

 

നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻ

കണ്ണിൻമണിപോലെ കാത്തിടുമെ

അന്ത്യംവരെ വഴുതാതെയവൻ

താങ്ങി നടത്തിടും പൊൻകരത്താൽ

 

കാർമുകിൽ ഏറേക്കരേറുകിലും

കാണുന്നില്ലെ മഴവില്ലിതിന്മേൽ

കരുതുക വേണ്ടതിൽ ഭീകരങ്ങൾ

കെടുതികൾ തീർത്തവൻ തഴുകിടുമേ

 

മരുഭൂപ്രയാണത്തിൽ ചാരിടുവാൻ

ഒരു നല്ലനായകൻ നിനക്കില്ലയോ?

കരുതും നിനക്കവൻ വേണ്ടതെല്ലാം

തളരാതെ യാത്ര തുടർന്നിടുക

 

ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ

ചാരന്മാരുണ്ടധികം സഹജ!

ചുടുചോര ചിന്തേണ്ടി വന്നിടിലും

ചായല്ലേ ഈ ലോകതാങ്ങുകളിൽ

 

കയ്പുള്ള വെള്ളം കുടിച്ചിടിലും

കൽപ്പന പോലെ നടന്നിടണം

ഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽ

സ്വർപ്പുരം നീ അണയുംവരെയും