എന്‍ ഭവനം മനോഹരം

ക്രൈസ്തവ കൈരളിക്ക് സുപരിചിതമായ “പോര്‍ക്കളത്തില്‍  നാം  പൊരുതുക ധീരരായ്” എന്ന ഗാനം രചിച്ച അച്ചാമ്മ മാത്യുവിനെ ആരും  അറിയാതിരിക്കില്ല. പ്രിയ  മാതാവിന്‍റെ മകനാണ് ഇവാ. ബഞ്ചമിന്‍ മാത്യു.   പൈതൃകമായി ലഭിച്ച സംഗീതം ദൈവോത്മുഖമായി പ്രയോജനപ്പെടുത്തുന്ന ഒരു കുടംബത്തിലെ  കണ്ണിയാണ് ഇദ്ദേഹം. കര്‍ത്താവില്‍  പ്രസിദ്ധനും  “കൂടുവിട്ടോടുവില്‍ ഞാനെന്‍ നാട്ടില്‍” എന്ന ഗാനത്തിന്‍റെ രചയിതാവുമായ   സുവിശേഷകൻ പാസ്റ്റര്‍ ലാസര്‍ വി മാത്യു ഇദ്ദേഹത്തിന്‍റെ ജേഷ്ഠസഹോദരനാണ്.  ഇന്ത്യാ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്‍റെ  സംഗീതവിഭാഗമായ  ഹാര്‍ട്ട്‌ബീറ്റ്സിന്റെ ആരംഭകാലത്ത് ഗായികയായിരുന്ന സിസ്റ്റര്‍ രമണി മാത്യു സഹധര്‍മ്മിണിയുമാണ്‌. താന്‍ പാടിയ  “എന്‍ ഹൃദയവീണതന്‍ തന്ത്രികളില്‍” എന്നു തുടങ്ങുന്ന ഗാനം പ്രചുരപ്രചാരം നേടിയ ഗാനങ്ങളില്‍ ഒന്നാണ്.

പൂനയില്‍ താമസിച്ച് സുവിശേഷവേല ചെയ്യുന്ന  താന്‍ സംഗീതഅദ്ധ്യാപനവും നടത്തിവരുന്നു. തന്‍റെ മാതാവിന്‍റെ  ദേഹവിയോഗവാര്‍ത്തയറിഞ്ഞ് പൂനയില്‍ നിന്നും   യാത്രതിരിച്ചു. മാതാവിന്‍റെ ഭൌതീക ശരീരത്തിനു യാത്രാമൊഴി ചൊല്ലുമ്പോള്‍ ആ  ശുശ്രൂഷയ്ക്ക് എന്തെങ്കിലും സഹായം ചെയ്യുവാന്‍ അധികം സാമ്പത്തികഭദ്രത തനിക്കില്ലാതിരുന്നു.  ഉറക്കം  നഷ്ടമായ ആ രാത്രി പൂര്‍ണ്ണ എക്സ്പ്രസിന്റെ ബോഗികളിലൊന്നില്‍ ഒരു  സൈഡ് അപ്പര്‍ ബെര്‍ത്തില്‍ താന്‍  പേപ്പറും  പേനയുമെടുത്തു. ക്രിസ്തീയപോര്‍ക്കളത്തില്‍ പോരാടിയ ധീരവനിത അക്കരെ നാട്ടില്‍ വിശ്രമം  തേടി. അവിടെ  ഒരുക്കപ്പെടുന്ന സൌഭാഗ്യങ്ങളെ ആത്മീയ ദൃഷ്ടിയില്‍ ദര്‍ശിച്ച ആ  ഭക്തന്‍ ഇപ്രകാരം എഴുതി തുടങ്ങി “എന്‍ ഭവനം  മനോഹരം”. തന്‍റെ മാതാവിന്‍റെ ഭൌതികശരീരത്തിനു മുന്‍പില്‍  നിന്നുകൊണ്ട് ആ  ഗാനം  പാടിയത് അന്നു കൂടിയ  ജനസഞ്ചയങ്ങളുടെ ഹൃദയപലകയില്‍ പ്രത്യാശയുടെ ഈരടികള്‍  എഴുതിച്ചേര്‍ത്തു.  ദൈവനിയോഗത്താല്‍ എഴുതിയ പ്രത്യാശാനിര്‍ഭരമായ  ആ  ഗാനം  ഒരിക്കല്‍  കേട്ടവര്‍ വീണ്ടും വീണ്ടും  കേള്‍ക്കുവാന്‍  പ്രേരിതരാവും; സംശയമില്ല. ദരിദ്രനെ  കുപ്പയില്‍ നിന്നുയര്‍ത്തി ജനത്തിലെ  ശ്രേഷ്ഠരോടിരുത്തുന്ന ദൈവകരുണ.  ആരും  അറിഞ്ഞില്ലെങ്കിലും  ആരും  ഉയര്‍ത്തിയില്ലെങ്കിലും സങ്കടമില്ലാതെ, ദൈവം  ഏല്‍പ്പിച്ച  ശുശ്രൂഷകള്‍  ഇന്നും  ഉത്സാഹത്തോടെ  ചെയ്തു  പോരുന്നു.?

എന്‍ ഭവനം മനോഹരം എന്താനന്ദം വര്‍ണ്യാതീതം സമ്മോദകം
ദൂരെ മേഘപ്പാളിയില്‍ ദൂരെ താരാപഥ വീചിയില്‍ 
ദൂത വൃന്ദങ്ങള്‍ സമ്മോദരായ് പാടീടും സ്വര്‍ഗ്ഗവീഥിയില്‍

പൊന്‍മണിമേടകള്‍ മിന്നുന്ന ഗോപുരം
പത്തും രണ്ടു രത്നക്കല്ലുകളാല്‍ തീര്‍ത്തതാം മന്ദിരം
കണ്ടെന്‍ കണ്ണുകള്‍ തുളുമ്പീടും ആനന്ദാശ്രു പൊഴിച്ചിടും

എന്‍ പ്രേമകാന്തനും മുന്‍പോയ ശുദ്ധരും
കരം വീശി വീശി മോദാല്‍ ചേര്‍ന്നു സ്വാഗതം ചെയ്തീടും
മാലാഖ ജാലങ്ങള്‍ നമിച്ചെന്നെ ആനയിക്കും എന്‍ സ്വര്‍ഭവനേ

എന്തു പ്രകാശിതം എന്തു പ്രശോഭിതം
ഹല്ലേലുയ്യ പാടും ശുദ്ധര്‍ ഏവം ആലയം പൂരിതം
ഞാനും പാടിടും ആ കൂട്ടത്തില്‍ ലയിച്ചിടും യുഗായുഗേ...

എന്‍ ഭവനം  മനോഹരം !!