ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ

ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ

പ്രദ്യോതനൻപോൽ പ്രകാശിച്ചു നിൽക്കും

സദ്യോഗമാർന്നുള്ള ദിവ്യാനനങ്ങൾ

ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ!

 

താൽക്കാലികങ്ങളാം ഭോഗങ്ങളെല്ലാം

ആത്മാനുഭൂതിയിൽ നിസ്സാരമായി

കാണ്മാൻ കരുത്തുള്ള സ്വർഗ്ഗീയ കണ്ണാൽ

ശോഭിക്കുമാറാക ശ്രീയേശുനാഥാ!

 

ആനന്ദവാരാശി തന്നിൽ പരക്കും

വിചീതരംഗങ്ങളാർക്കുന്ന ഗാനം

വേദോക്ത സീമാവിലെത്തി ശ്രവിപ്പാൻ

ഏകീടു കർണ്ണങ്ങൾ ശ്രീയേശുനാഥാ!

 

മൂഢോപദേശക്കൊടുങ്കാടു ശീഘ്രം

പാടേ തകർത്തങ്ങു ഭസ്മീകരിപ്പാൻ

ചൂടോടെ കത്തിജ്വലിക്കുന്ന നാവും

നീടാർന്നു നൽകീടു ശ്രീയേശുനാഥാ!

 

സാധുക്കളായുള്ള മർത്യർക്കുവേണ്ടി

ചാതുര്യയത്നം കഴിച്ചേതു നാളും

മാധുര്യദാനം പൊഴിക്കുന്ന കൈകൾ

ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ!

 

സീയോൻ മണാളന്റെ പ്രത്യാഗമത്താൽ

മായാതമസ്സോടി മാറുന്ന നാളിൽ

ജായാത്വമേന്തിക്കിരീടം ധരിപ്പാൻ

ആശിസ്സിവർക്കേക ശ്രീയേശുനാഥാ!

 

നിത്യം ലഭിക്കട്ടെ സൂര്യപ്രകാശം

അഭ്യുൽപതിക്കട്ടെ ചന്ദ്രന്റെ കാന്തി

നാനാത്വമാർന്നുള്ള പുഷ്പങ്ങളെന്നും

സൗരഭ്യമേകട്ടെ ശ്രീയേശുനാഥാ!

Your encouragement is valuable to us

Your stories help make websites like this possible.