ചിത്തം കലങ്ങിടൊല്ലാ

ചിത്തം കലങ്ങിടൊല്ലാ പോയ് വരും ഞാൻ

പോയ് വരും ഞാൻ (2)

 

സത്യമായെന്നിലും നിത്യപിതാവിലും

ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾ

 

എൻപിതാവിൻ ഗൃഹേ ഇൻപമെഴും പല

സംഭൃതഭവനങ്ങളുണ്ടതിനാലിനി

 

പോയിടുന്നേൻ മുദാ വാസമൊരുക്കുവാൻ

ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ

 

സത്യവും ജീവനും മാർഗ്ഗവും ഞാനത്രേ

നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ

 

എൻപിതാവെന്നിലും ഞാനവൻ തന്നിലും

ഇമ്പമോടിതു നിനച്ചൻപൊടു വിശ്വസിപ്പിൻ

 

എന്നുടെ നാമത്തിലെന്തു യാചിക്കിലും

എൻപിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും

 

നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്റെ

മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും

 

നാഥനില്ലാത്തവരായി വിടാതെ ഞാൻ

കേവലമടുക്കലേക്കാഗമിപ്പേൻ മുദാ

 

നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു

സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ.