ദൈവത്തിൻ ജനമേ, യേശുവിൻ ഭടരേ!

ദൈവത്തിൻ ജനമേ, യേശുവിൻ ഭടരേ!

ആയുധങ്ങളേന്തി പോകുവിൻ നിങ്ങൾ

സൈന്യനാഥൻ ക്രിസ്തു മുന്നിൽ നിൽക്കുന്നിതാ

ഭീതി വേണ്ടാലേശം മുൻഗമിക്കുവിൻ

 

സ്വർഗ്ഗദേശത്തിൽ നാം വിശ്രമിക്കും

ഇദ്ധരയിൽ വേണ്ട തെല്ലും വിശ്രമം

 

ഭാരതനാടെല്ലാം, കീഴടക്കി വാഴും

വൈരിയാം സാത്താനെ ആക്രമിക്കണം

കാഹളങ്ങൾ ഊതി, ചുറ്റി നാം നടന്നു

വീഴ്ത്തണം യെരീഹോ നേടണം ജയം

 

ലോകമെങ്ങും പോയി ഘോഷിപ്പിൻ സുവാർത്ത

അന്തിമാജ്ഞ നൽകി, നാഥനീ വിധം

സൈന്യനാഥന്നാജ്ഞ,നിർവ്വഹിച്ചിടായ്കിൽ

ന്യായതീർപ്പിൻ നാളിൽ എന്തു നീ ചെയ്യും?

 

ഭോഷനെന്നു ചൊല്ലി കൂട്ടുകാർ ഹസിച്ച്

കർമ്മഭീരുവാക്കിടാൻ ശ്രമിക്കുമ്പോൾ

രാജ്യവും തൻ നിത്യ, നീതിയും കരുതി

പോർ നടത്തണം നാം, ജീവൻ വയ്ക്കണം

 

കഷ്ടതകൾ തീർന്നു, സ്വർഗ്ഗഗേഹം പൂകി

പ്രണനാഥൻ ചാരേ,നിന്നിടുമ്പോൾ നാം

സ്വച്ഛമാം നഭസ്സിൽ താരകം കണക്കേ

തൂമ തൂകുമന്നു നമ്മളേവരും