ദേവജന സമാജമേ

ദേവജന സമാജമേ നിങ്ങളശേഷം

ജീവനാഥനെ സ്തുതിപ്പിൻ

ജീവനരുളും ദിവ്യജീവാമൃതമാം യേശു

ദേവൻ നമ്മുടെ മദ്ധ്യേ മേവുന്നതു നിമിത്തം

 

ചാവിന്നവകാശത്തിൽ നിന്നതിദയയാൽ

ദേവൻ ദത്താക്കിനാൻ നമ്മെ

ശാപമകന്ന പുതു ഭൂവാനങ്ങളിൽ സദാ

മേവുന്നതിനായ് നിത്യജീവൻ നൽകിനാനവൻ

 

കല്ലുകളിൽ വരച്ചതാം ചാവിൻ ശുശ്രൂഷ

യ്ക്കുള്ളിലിരുന്നയീ നമ്മെ

അല്ലൽ കൂടാതെ തന്റെ തുല്യമില്ലാത്ത കൃപ

യ്ക്കുള്ളിൽ കടത്തി പുതുവുള്ളം നൽകിനാനവൻ

 

ഏകാത്മസ്നാനം മൂലവും അത്രയുമല്ല

ഏകാത്മപാനം വഴിയും

ഏക ശരീരമായിട്ടേകി ഭവിച്ചതിനാൽ

ഏക പൂപാനുഭോഗഭാഗികളായിതു നാം

 

താനേ കഴിച്ചൊരേകമാം ബലിയാൽ തന്റെ

സൂനു സമുദയങ്ങളെ

ഊനമകറ്റി നിത്യ വാനരാജ്യാവകാശ

സ്ഥാനമതിങ്കലാക്കീട്ടാനന്ദാമൃതമേകി

 

കർത്തൃനിർമ്മിതമായുള്ള പൊരുളാം

ദിവ്യ സത്യകൂടാരമതിങ്കൽ

ശുദ്ധ ശുശ്രൂഷകനാം നിത്യപുരോഹിതൻ താ

നത്യാദരം നമുക്കായദ്യാപി ജീവിക്കുന്നു

 

ഭൂവാനങ്ങളിൽ യോജിപ്പാം ദൈവാലയത്തിൽ

ജീവാരാധന ചെയ്യുവാൻ

ലേവ്യപുരോഹിതത്വമാകവേ നീക്കി സർവ്വ

സേവ്യമാനനാമവനാചാര്യരാക്കി നമ്മെ.