ദേവകുമാരാ! സർവ്വ പാപ വിദൂരാ

ദേവകുമാരാ! സർവ്വ പാപ വിദൂരാ! ജയിക്ക

 

കേശം വെളുത്തവനേ! ജ്വാലാഗ്നിലോചനനേ!

ഉച്ചക്കതിരവൻ പോലുജ്ജ്വലദാനനനേ

 

അങ്കിധരിച്ചു മാറിൽ പൊൻകച്ച കെട്ടിയോനേ

തങ്കവിളക്കുകൾക്കുൾ തങ്കുന്ന ധർമ്മജനേ

 

ചുട്ടുപഴുത്തൊരോട്ടിൻ ത്വിട്ടിൻ മദമശേഷം

തട്ടിക്കളഞ്ഞപാദ ത്വിട്ടാർന്ന സദ്പദനേ

 

കോടിജലട്ട്സരികാ പാതത്തിന്നൊത്ത വിധം

നീടാർന്നൊരൊച്ചയോടു കൂടും സനാതനനേ!

 

മുറ്റും പ്രഭാവലയ മദ്ധ്യേ തിളങ്ങുമൊരു

നക്ഷത്രമാല കൈയിൽ ചാർത്തുന്ന നായകനേ

 

വായ്ത്തല രണ്ടിനാലും ശത്രുക്കളെയരിഞ്ഞു

വീഴ്ത്തുന്ന ഖഡ്ഗമൊന്നു വായ്ക്കുള്ളിലേന്തിയൊരു

 

ന്യായാസനസ്ഥ നിന്റെ കായപ്രദർശനത്താൽ

മായാവിമോഹമെല്ലാം ഭീയാർന്നു മണ്ടിടുമേ

 

എക്ളീസിയയ്ക്കു പ്രേമവിഗ്രഹമായവനേ

മത്ക്ളേശമാകെ നീക്കി മുഖ്യാശിസ്സേകണമേ.