എനിക്കായ് പിളർന്ന

എനിക്കായ് പിളർന്ന പാറയായോനേ!

ഹീനപാപി നിന്നിൽ മറഞ്ഞു പാർത്തിടട്ടെ

കുന്തമേറ്റ നിൻ വിലാവിൽ നിന്നൊലിച്ച

ഗുണമേറും രക്തവും വിസ്മയജലവും

കടുതായ പാപകുറ്റ ശക്തിയേയും

കഴുകേണമശേഷം ശുദ്ധം അരുളേണം

 

തിരുന്യായകൽപ്പനകൾക്കു നിവൃത്തി

ചെയ്‌വതെന്നാലസാദ്ധ്യം അടിയാൻ പാപി

നിരന്തം വൈരാഗ്യഭക്തി പൂണ്ടാലും

നിൽക്കാതേറെ കണ്ണുനീർ പാപി ചൊരിഞ്ഞാലും

ഒരു പാപത്തിനും ഉപശാന്തി ചെയ്‌വാൻ

ഉപയോഗം അല്ലിവ നീയേ രക്ഷ ചെയ്ക

 

കൈയിലൊന്നുമില്ല വെറുതേ വരുന്നേൻ

കർത്തനേ നിൻ കുരിശിലഭയം പിടിച്ചേൻ

നഗ്നൻ ഞാൻ വന്നേൻ ഉടുപ്പുതന്നരുൾക

നാശപാപി നിൻ കൃപയ്ക്കെത്രേ കാത്തിടുന്നേൻ

ശുദ്ധിഹീനൻ ഞാൻ, കഴുകേണം എന്നെ

സുഖം ജീവൻ തരേണം പ്രിയ രക്ഷകനേ!

 

ഇഹത്തിലടിയൻ ശ്വാസത്തോടിരിക്കേ

ഇനി ലോകം വെടിഞ്ഞു വിണ്ണിന്നു തിരിക്കേ

അറിയാത്ത ലോകങ്ങളെ ഞാൻ കടക്കേ

അൻപുതിങ്ങും നിന്തിരുമുമ്പിൽ വന്നു നിൽക്കേ

എനിക്കായ് പിളർന്ന പാറയായോനേ!

ഹീനപാപി നിന്നിൽ മറഞ്ഞു പാർത്തിടട്ടെ.