എൻമനമേ ദിനവും നമിക്ക

എൻമനമേ ദിനവും നമിക്ക നീ മന്നവനേശുവിനെ

നിന്നുടെ പേർക്കവൻ ഉന്നതലോകത്തിൽ

നിന്നിറങ്ങി ഭൂവി വന്നു മരിക്കയാൽ

 

നിൻ പാപഭാരമാകെ വഹിച്ചവൻ തുമ്പം സഹിക്കമൂലം

കമ്പം മരണഭയമിവയകന്നിമ്പമുദിച്ചുവല്ലോ

വൻ പിഴയാകെ ക്ഷമിച്ചു മനശ്ശാന്തി

ഉമ്പർ പുരാൻ തവ നൽകിയ കാരണാൽ

 

ഏറ്റം തടിച്ച മേഘം കണക്കുള്ള തെറ്റുമതിക്രമവും

ഊറ്റമോടാഞ്ഞടിച്ചു വരും കൊടുംകാറ്റിനു തുല്യമായി

പാറ്റിയകലെക്കളഞ്ഞു മനഃക്ലേശം

ആറ്റി ശിക്ഷാവിധി മാറ്റിയതോർത്തു നീ

 

ഓർത്താൽ കിഴക്കുനിന്നു പടിഞ്ഞാറിന്നെത്രയകലമു ണ്ടാം

അത്രയും ദൂരത്തിൽ തവ പാപമാക്കിക്കളഞ്ഞവനെ

മാത്രമല്ല തവ പാപം മഹോദധി

മദ്ധ്യത്തിലാഴ്ത്തിലിട്ടു കളകയാൽ

 

അഗ്നിയിൽ നീ നടക്കും തരുണത്തിൽ കത്തുകില്ലഗ്നി നിന്മേൽ

വെള്ളത്തിലൂടെയെന്നാലതു നിന്നെ മൂടിക്കളകയില്ല

പേർ ചൊല്ലി നിന്നെ വിളിച്ചിരിക്കുന്നവൻ

കൂറുള്ള നിൻ ദേവനെന്നറിഞ്ഞീടുക

 

ഞാനവരോടു കൃപാ സമേതമായ് മേവുമവരുടയ

ലംഘനത്തിൽ കരുണാ സമൃദ്ധിയെ തങ്കുമാറാക്കുമന്നാൾ

ആയവർക്കുള്ളൊരകൃത്യവും പാപവും

ഞാനിനിയോർക്കുകില്ലെന്നുര ചെയ്കയാൽ.