എൻമനമേ സ്തുതി പാടിടുക

എൻമനമേ സ്തുതി പാടിടുക

എൻപ്രാണരക്ഷകനാം ശ്രീയേശുവിന്നു

 

സ്വർഗ്ഗീയദൂതരിൻ നൽ സ്തുതിഗീതവും

സ്വന്തപിതാവിന്റെ ലാളനയൊക്കെയും

അന്തമില്ലാതുള്ള തൻ മഹിമാവതും

ഹന്ത! വെടിഞ്ഞിഹ വന്നു പിറന്നു

എന്തൊരു താഴ്മയെന്നോർത്തധികം

 

സകലത്തിൻ ലാക്കും കാരണഭൂതനും

സകല പ്രപഞ്ചത്തിന്നേകാവകാശിയും

ദൈവതേജസ്സിന്റെ പൂർണ്ണപ്രഭാവവും

ദൈവിക തത്വത്തിന്നേകമാം മുദ്രയും

സകലവും വചനത്താൽ വഹിപ്പവനും

 

തന്നുടെ സന്നിധൗ വന്നവർക്കേവർക്കും

തക്കപ്രതിഫലം നൽകാതിരുന്നില്ല

ദുഃഖിതർക്കാശ്വാസം വിശന്നോർക്കാഹാരം

കുരുടർക്കു കാഴ്ചയും മൂഢർക്കു ജ്ഞാനവും

കൊടുക്കുവാനവനൊട്ടും മടിച്ചതില്ല

 

നാമെല്ലാം നമ്മുടെ സ്വന്ത വഴികളിൽ

നാനാവിധ സുഖഭോഗങ്ങൾ തേടി

ആമയം നീക്കുവാൻ കാൽവറി തന്നിൽ

ആ മരക്കുരിശിൽ പാതകർ നടുവിൽ

മാമരണം നമുക്കായ് സഹിച്ചു.