എൻപ്രിയരക്ഷകനേ

എൻപ്രിയരക്ഷകനേ! നിന്നെ കാണ്മാൻ

വാഞ്ഛയാൽ കാത്തിടുന്നു

ഹാ! എന്റെ പ്രിയന്റെ പ്രേമത്തെ ഓർക്കുമ്പോൾ

ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ

 

താതൻ വലഭാഗത്തിലെനിക്കായി രാജ്യമൊരുക്കിടുവാൻ

നീ പോയിട്ടെത്ര നാളായ് ആശയോടു കാത്തു ഞാൻ പാർത്തിടുന്നു

എന്നെ നിന്നിമ്പമാം രാജ്യത്തിൽ ചേർക്കുവാൻ

എന്നു നീ വന്നിടും എന്നാശ തീർത്തിടും

 

വാട്ടം മാലിന്യമില്ലാത്തവകാശം പ്രാപിപ്പാൻ തൻ സഭയെ

വാനിലെടുത്തിടുവാൻ തന്നോടു കൂടൊന്നിച്ചിരുത്തിടുവാൻ

വേഗം നീ വന്നിടാമെന്നുര ചെയ്തിട്ടു

താമസമെന്തഹോ ആനന്ദവല്ലഭാ?

 

ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ മനോഹരം എങ്ങനെ വർണ്ണിച്ചിടാം

വെണ്മയോടു ചുവപ്പും കലർന്നുള്ളോൻ ലക്ഷങ്ങളിലുത്തമൻ

നീ മഹാ സുന്ദരൻ ആഗ്രഹിക്കത്തക്കോൻ

നീ മതിയേ എനിക്കെന്നേക്കും നിശ്ചയം

 

പ്രേമം നിന്നോടധികം തോന്നുമാറെൻ നാവു രുചിച്ചിടുന്നു

നാമമതി മധുരം തേൻകട്ടയെക്കാളുമതി മധുരം

നീ എന്റെ രക്ഷകൻ വീണ്ടെടുത്തോനെന്നെ

നീ എനിക്കുള്ളവൻ ഞാൻ നിനക്കുള്ളവൻ.