എന്നവിടെ വന്നു ചേരും ഞാൻ

എന്നവിടെ വന്നു ചേരും ഞാൻ

മമ കാന്ത, നിന്നെ

വന്നു കണ്ടു വാഞ്ഛ തീരും ഹാ!

നിന്നോടു പിരിഞ്ഞിന്നരകുല-

ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം

തന്നിടുന്നതില്ലാകയാൽ പരനേശുവേ,

ഗതി നീയെനിക്കിനി

 

നിൻമുഖത്തു നിന്നു തൂകുന്ന മൊഴിയെന്റെ താപം

ഇന്നു നീക്കിടുന്ന നായകാ!

നിന്നതിമൃദുവായ കൈയിനാലെന്നെ

നീ തടവുന്നൊരക്ഷണം

കണ്ണുനീരുകളാകവേയൊഴി-

ഞ്ഞുന്നതാനന്ദം വന്നിടുന്നു മേ

 

പൊന്നുപാദ സേവയെന്നിയേ പരനേയെനിക്കു

മന്നിലില്ല സൗഖ്യമൽപ്പവും

മന്നനേ ധനധാന്യവൈഭവം

മിന്നലിന്നിടകൊണ്ടശേഷവും

തീർന്നുപോയുടമസ്ഥ

രന്ധതയാർന്നു വാഴുക മാത്രമേ വരൂ

 

തിത്തിരികളന്യമുട്ടയെ വിരിയിച്ചിടുംപോൽ

ലുബ്ധരായോർ ഭൂധനങ്ങളെ

ചേർത്തുകൂട്ടിയിട്ടാധനങ്ങളിൻമേൽ

പൊരുന്നിരുന്നായവ വിരി-

ഞ്ഞാർത്തി നൽകിടും മാമോൻ

കുട്ടികളായ് പുറപ്പെടുന്നാർത്തനാഥനേ

 

നല്ല വസ്ത്രം നല്ല ശയ്യകൾ

സുഖസാധനങ്ങളില്ലിവയിലാശ ദാസനു

വല്ലഭാ! തിരുമേനിയേതിലു-

മേതുമായെനിക്കുള്ളതാലൊരു

തെല്ലുമല്ലലെന്നുള്ളിലില്ലതു

കില്ലൊഴിഞ്ഞുരചെയ്തിടാം വിഭോ!

 

നിന്നെയോർക്കും നേരമീശനേ! വളരും പ്രയാസം

എന്നിൽനിന്നു മാഞ്ഞുപോകുന്നേ

നിന്നടിമലർ സേവയാലെനിക്കുള്ള

പീഡകളാകവേ തിരു മുന്നിൽ വന്നിടും പോതു

നീങ്ങിയെന്നുള്ളമാനന്ദംകൊണ്ടു തുള്ളുമേ

 

കാത്തിരിക്കുന്നാത്മ നാഥനേ! ഭൂവനത്തിനുള്ള

കാത്തിരിപ്പിൻ പൂർത്തിനാളിനെ

മത്സരകുലം ലജ്ജയാൽ മുഖം

താഴ്ത്തിടും പടിയെങ്ങൾ ദണ്ഡുകൾ

പൂക്കണേ പുതുഭംഗിയിൽ ബദാം

കായ്കളെയവ കായ്ക്കണേ തദാ.

Your encouragement is valuable to us

Your stories help make websites like this possible.