എന്നിലുദിക്കേണമേ

എന്നിലുദിക്കേണമേ

ക്രിസ്തേശുവേ

എൻ നീതിയിൻ സൂര്യനേ!

 

എൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നു

നിൻസ്നേഹജ്വാലയാൽ ഞാൻ എരിഞ്ഞിടാൻ

എന്മേൽ ശോഭിക്കണമേ

 

ജീവപ്രകാശമേ! എൻ ജീവശക്തിയേ!

ദൈവത്തിൻ തേജസ്സിനാൽ

മിന്നിടുന്നോർ ഉദയനക്ഷത്രമേ!

 

മേഘങ്ങളിൻ പിമ്പിൽ നീ മറയാതിന്നു

ഏകമായ് കാക്കണമേ എൻ മാനസം

നിന്മേലുള്ളോർ നോട്ടത്തിൽ

 

നിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാൻ

ഇന്നും കളങ്കംവിനാ

നീ സൂക്ഷിച്ചാൽ

എൻആനന്ദം പൂർണ്ണമാം

 

മരണത്തിൻ നിഴലാം

താഴ്വരയിലും നീ

ശരണമാകുന്നതാൽ ഈ വിശ്വാസിക്കു

ഒന്നുമില്ല പേടിപ്പാൻ

 

എൻ ആത്മസുന്ദരൻ എൻ ആത്മമാധുര്യൻ

എൻ ആത്മ വാഞ്ഛിതനും

ഇന്നുമെന്നും

ദൈവകുമാരനേ! നീ

 

സകല ഭൂഗോളവും മൂടിടും രാത്രിയെ

പകലായി മാറ്റണമേ

നിൻ ശോഭയാൽ

എല്ലാം പ്രകാശിക്കുവാൻ.