എന്റെ ജീവനായകാ! യേശുനായകാ!

എന്റെ ജീവനായകാ! യേശുനായകാ!

ജീവദായകാ! എന്റെ ജീവനായകാ!

 

മർത്യ രക്ഷക്കായ് മൃതി വരിക്കുവാൻ

നിത്യതയിൽ നീ നിർണ്ണയിക്കയോ!

ഇപ്പാപിയെൻ പാപത്തിൻ ഭാരം നീ വഹിക്കയോ!

 

പരമദുഷ്ടരാം ദ്രോഹികൾ ഞങ്ങൾ പരിശുദ്ധൻ നിന്നെ

കുരിശിൽ തൂക്കിയോ! ഇപ്പാതകർക്കെന്നും നിൻ

കൃപയൊന്നേയുള്ളാശ്രയം

 

പാപത്തെ സദാ വെറുക്കും ദൈവം നീ

പാപിയെ മുദാ സ്നേഹിക്കുന്നതാൽ

നിൻചങ്കിലെ ചോരയാലെന്നെ വീണ്ടെടുക്കയോ!

 

ഏകയാഗത്താൽ വിശുദ്ധരാകുവോർക്കെന്നും

സൽഗുണപൂർത്തി നൽകി നീ

നൽപുതുവഴി തുറന്നു തന്നെനിക്കുമുൾപ്രവേശനം

 

പരീക്ഷിതനായ് നീ കഷ്ടമേൽക്കയാൽ

പരീക്ഷിതർക്കു നീ നൽസഹായിയാം

തേൻമൊഴികളെൻ ഹൃദയത്തിൻ വിനകൾ തീർക്കുമെപ്പൊഴും

 

വരുന്നു ഞാനിതാ കുരിശിൻ പാതയിൽ

മരിച്ചു ഞാനും നീ എന്നിൽ ജീവിപ്പാൻ

ഈയെനിക്കിനീയുലകത്തിൻ മഹിമ വേണ്ട നീ മതി

 

സ്വന്തപുത്രനെയാദരിച്ചിടാതെന്നും ഞങ്ങൾക്കായ്

തന്ന ദൈവമേ നീ സകലവുമവനിൽ

തന്നെന്നെ നിത്യം പോറ്റിടും.