എന്തതിശയമേ! ദൈവത്തിൻ സ്നേഹം

എന്തതിശയമേ! ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ! അതു

ചിന്തയിലടങ്ങാ സിന്ധുസമാനമായ്

സന്തതം കാണുന്നു ഞാൻ

 

ദൈവമേ! നിൻമഹാസ്നേഹമതിൻ വിധം

ആർക്കു ഗ്രഹിച്ചറിയാം എനി

ക്കാവതില്ലേയതിൻ ആഴമളന്നിടാൻ

എത്ര ബഹുലമതു!

 

ആയിരമായിരം നാവുകളാലതു

വർണ്ണിപ്പതിന്നെളുതോ പതി

നായിരത്തിങ്കലൊരംശം ചൊല്ലിടുവാൻ

പാരിലസാദ്ധ്യമഹോ!

 

മോദമെഴും തിരുമാർവ്വിലുല്ലാസമായ്

സന്തതം ചേർന്നിരുന്ന ഏക

ജാതനാമേശുവെ പാതകർക്കായ് തന്ന

സ്നേഹമതിശയമേ

 

പാപത്താൽ നിന്നെ ഞാൻ ഖേദിപ്പിച്ചുള്ളൊരു

കാലത്തിലും ദയവായ് സ്നേഹ

വാപിയേ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ

ആശ്ചര്യമേറിടുന്നു

 

ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും

ഒട്ടും നിഷേധിക്കാതെ എന്നെ

കേവലം സ്നേഹിച്ചു പാലിച്ചിടും തവ

സ്നേഹമതുല്യമഹോ!