ഹാ! വരിക യേശുനാഥാ!

ഹാ! വരിക യേശുനാഥാ! ഞങ്ങളാവലോടിരിക്കുന്നിതാ

നീ വരായ്കിൽ ഞങ്ങൾക്കൊരു ജീവനില്ലേ നിഖിലേശാ!

ചാവിലാണ്ടമനുഷ്യരും ജീവികളാം നിന്നടുക്കൽ ഹാ!

 

മൃത്യുമക്കൾ സ്തുതിക്കില്ലനിന്നെ ചത്തവർ പുകഴ്ത്തുന്നില്ല

ഇദ്ധരയിൽ മൺകട്ടകൾ തിന്നു തൃപ്തിയടയുന്നായവർ

ഉത്തമനേ! നിൻ ചരിത്രമിത്തിരി ധ്യാനിച്ചിടുമ്പോൾ

എത്രയുമാനന്ദമുള്ളിൽ പ്രത്യഹം വർദ്ധിച്ചിടുന്നു

 

നിന്റെ വിശുദ്ധാവി പണ്ടു ജലത്തിൻ മുകളിൽ നിലയാണ്ടു

ആ മഹത്താം സ്ഥിതികൊണ്ടു മൃതജീവികളുണർവു പൂണ്ടു

ജീവരാശി തെരുതെരെയാ വലിയ പ്രളയത്തിൽ

കേവലം പെരുകി വിശ്വമാകവേ പുനർഭവിച്ചു

 

സ്വന്തവെള്ളിക്കാഹളം നീയൂതി മന്ദതയകറ്റിടുക

യാഹ്വയുടെ പക്ഷത്തുള്ളോരതുസാദരം പ്രതിധ്വനിക്കും

യിസ്രായേലിൽ നടക്കുന്ന വിഗ്രഹത്തിന്നർച്ചനയെ

വിദ്രവിപ്പിച്ചിടുവാനായ് സത്വരമൊരുങ്ങുമവർ

 

വാനലോകജീവമന്നാഞങ്ങൾ മാനമായ് ഭവിച്ചിടട്ടെ

തേനൊഴുകും നിൻമൊഴികൾഞങ്ങളാദരാൽ ശ്രവിച്ചിടട്ടെ

ദൈവവാക്കാം വാളെടുത്തു ദൈവരാജ്യ പ്രസിദ്ധിക്കായ്

വൈഭവമായ്പ്പൊരുതീട്ടു കൈവരട്ടെ വിജയശ്രീ.