ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ

എന്തുള്ളു ഞാനപ്പനേ!നിന്റെ

ഉദ്ധാരണത്തെ ഞാൻ ഓർത്തു ദിനംപ്രതി സന്തോഷിക്കുന്നത്യന്തം

 

പുത്രന്റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ

ശത്രുഭയം തീരുന്നു എന്നെ

മിത്രമാക്കിടുവാൻ കാണിച്ച നിൻകൃപ

എത്ര മനോഹരമേ!

 

ശത്രുവാമെന്നെ നിൻപുത്രനാക്കിടുവാൻ

പുത്രനെ തന്നല്ലോ നീ ദേവാ

ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു

മർത്യനുമില്ല ദൃഢം

 

നീചനരനാമീയേഴയെ സ്നേഹിച്ചീ

നീചലോകത്തിൽ വന്നു യേശു

നീചമരണം മരിപ്പതിന്നായ് തന്നെ

നീചന്മാർക്കേൽപ്പിച്ചല്ലോ

 

കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ

കൂട്ടുകാരും വെറുത്തു എന്നാൽ

കൂട്ടായിത്തീർന്നെന്റെ സ്വർഗ്ഗീയ

സ്നേഹിതൻ കഷ്ടകാലത്തും വിടാ

 

മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും

സന്താപമില്ലെനിക്കു എന്റെ

മാതാപിതാവെക്കാൾ അൻപു തിങ്ങിടുന്നോ-

രേശുവുണ്ട് എനിക്കു

 

മുമ്പിലും പിമ്പിലും കാവലായ് നിന്നു നീ

മുമ്പിൽ നടക്കേണമേ നിന്റെ

ഇമ്പമുള്ള രാജ്യേ വന്നു ചേരും

വരെ അമ്പോടു കാക്കേണമേ.

Your encouragement is valuable to us

Your stories help make websites like this possible.