ഇന്നേരം പ്രിയ ദൈവമേ

ഇന്നേരം പ്രിയ ദൈവമേ! നിന്നാത്മശക്തി

തന്നാലും പ്രാർത്ഥിച്ചിടുവാൻ നിന്നോടു പ്രാർത്ഥിച്ചിടാൻ

നിന്നടിയങ്ങൾ നിന്റെ സന്നിധാനത്തിൽ വന്നു

ചേർന്നിരിക്കുന്നു നാഥാ

 

നിന്തിരു പാദപീഠത്തിൽ അണയുവതിനെന്തുള്ളു ഞങ്ങളപ്പനേ!

നിൻതിരുസുതനേശുവിൻ തിരുജഡം ഭുവി

ചിന്തിയോർ പുതുവഴി തുറന്നു പ്രതിഷ്ഠിച്ചതാൽ

 

മന്ദതയെല്ലാം നീക്കുകേ നിന്നടിയാരിൽ

തന്നരുൾ നല്ലുണർച്ചയെ വന്നിടുന്നൊരു ക്ഷീണം

നിദ്രാമയക്കമിവയൊന്നാകെ നീയകറ്റി തന്നിടുകാത്മശക്തി

 

ഓരോ ചിന്തകൾ ഞങ്ങളിൽ വരുന്നേ മനസ്സോരോന്നും പതറിടുന്നേ

ഘോരവൈരിയോടു നീ പോരാടിയടിയർക്കു

ചോരയാൽ ജയം നൽകിടേണം പരമാനാഥാ!

 

നിന്തിരു വാഗ്ദത്തങ്ങളെ മനതളിരിൽ ചിന്തിച്ചു നല്ല ധൈര്യമായ്

ശാന്തതയോടും ഭവൽ സന്നിധി ബോധത്തോടും

സന്തതം പ്രാർത്ഥിച്ചിടാൻ നിൻതുണ നൽകിടേണം

 

നീയല്ലാതാരുമില്ലയ്യോ! ഞങ്ങൾക്കഭയം നീയല്ലോ പ്രാണനാഥനേ!

നീ യാചന കേട്ടിടാതായാൽ പിശാചിന്നുടെ

മായാവലയിൽ നാശമായിടുമായതിനാൽ.

Your encouragement is valuable to us

Your stories help make websites like this possible.