ഇന്നും രാവിലെ വന്നു

ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ!

എന്നും നീ തന്നേയെന്നെ കാവൽ ചെയ്യുന്ന വൻപരിപാലകൻ!

 

പോയ രാത്രിയിൽ ഞാൻ സമാധാനത്തോടുറങ്ങുവാൻ നിൻകൃപ

നായകാ! നീ ചൊരിഞ്ഞതാൽ സ്തുതിഗാനങ്ങൾ പാടിടുന്നിതാ!

 

രാവകന്നൊളി വീശി ഭൂതലം ശോഭിതമായിടുന്നിതാ!

മാമകാന്ധത മാറുവാൻ തവ കാന്തി വന്നതോർക്കുന്നിതാ

 

ഇന്നലേമിന്നുമെന്നും നീയെനിക്കന്യനല്ലതു മൂലമായ്

മുന്നിലായ് നിന്നെ കാണുന്നെത്രയോ ധന്യമായ് മമ ജീവിതം!

 

വന്നിടും പുലർകാലമൊന്നിനിയെന്നു കാത്തിരിക്കുന്നു ഞാൻ

മന്നിടം തവ പൊന്മുഖം മൂലം മിന്നിടും നീതിസൂര്യനേ