ജയം ജയം യേശുവിന്നു

ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ ഇതാ!

ചാവിൻ കല്ലറയിൽനിന്നു ഉയിർത്തു ഹല്ലേലുയ്യാ!

 

ജയം ജയം ഹല്ലേലുയ്യാ വാഴ്ക ജീവനായക!

ജയം ജയം ഹല്ലേലുയ്യാ വാഴ് ജീവദായക!

 

ചത്ത കർമ്മങ്ങളിൽ നിന്നു യേശു നമ്മെ രക്ഷിച്ചു

നമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചു

 

മൃത്യുവിൻ ഭയങ്കരങ്ങൾ നീങ്ങി തൻ ഉയിർപ്പിനാൽ

നിത്യജീവന്റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽ

 

മണ്മയമാം ഈ ശരീരം ആത്മമയമാകുവാൻ

കാഹളം ധ്വനിക്കുന്നേരം കൽപ്പിച്ചിടും രക്ഷകൻ

 

നെടുവീർപ്പും കണ്ണുനീരും ദുഃഖവും വിലാപവും

നൊടിനേരംകൊണ്ടുതീരും പിന്നെയില്ലോർ ശാപവും

 

ജീവനുള്ള രക്ഷിതാവിൻ കൂടെ നാമും ജീവിക്കും

എന്നെന്നേക്കും തൻപിതാവിൻ രാജ്യത്തിൽ ആനന്ദിക്കും.

V.N