ജീവോദനമായ യേശു ദേവ! വന്ദനം

ജീവോദനമായ യേശു ദേവ! വന്ദനം

ദേവാധീശാ! നീയൊഴിഞ്ഞിങ്ങാരുള്ളാശ്രയം

 

ചാവിനെ വെന്നുയിർത്താവിയിൻ ജീവനീ

ഭൂവിൽ നരർക്കരുളാൻ വാനിൽ നിന്നിറങ്ങിയ

 

മൺമയനാമാദാമിൻ വഴിയായ് വന്ന

മൃൺമയ ശരീരത്തെ മണ്ണിൽ നിന്നുയർത്തുന്ന

 

ലംഘനത്താൽ നരസംഘമശേഷവും

സംക്രമിച്ച മരണശങ്കയൊഴിക്കും ദിവ്യ

 

പാവനമാം തിരുച്ചോരയിനാലെന്നെ

ദേവസവിധം തന്നിൽ സേവിപ്പാൻ നിയമിച്ച

 

നിൻ വദനം തന്നിൽനിന്നു തൂകും കൃപ

എൻ വിവശതയെല്ലാമൊന്നായകറ്റിടുന്നു.

Your encouragement is valuable to us

Your stories help make websites like this possible.