കാൽവറി ക്രൂശിൽ കാണുന്ന രൂപമേ!

കാൽവറി ക്രൂശിൽ കാണുന്ന രൂപമേ!

കന്മഷക്കൂരിരുൾ നീക്കും പൊൻദീപമേ!

എന്തു കനിവോ! സ്വന്തനിണവും

ചിന്തി മഹാമൃതിയേന്തിയതാമി

 

എന്നുടെ സഖിയായി മരുവിടാ

നന്യരാൽ നിന്ദിതനായിത്തീരേണമോ?

ആരും തുണയില്ലാതെ വലയാതഗ-

തിയാമെന്നെ കരുതുക തന്നെ

 

നന്മ ചെയ്തു നടന്ന പാദങ്ങളിൽ

വൻ മുറിവേകിടുന്നാണികൾ മുനയാൽ

എൻനടപ്പു നന്നാകുവതിന്നായൊന്നു-

മില്ലേയന്യമാർഗ്ഗമിതെന്യേ!

 

ആണികൾ നിജപാണി യുഗങ്ങളെ

ശോണിതപൂരിതമാക്കി കാണുന്നിതാ!

എൻക്രിയകളിൻ വൻകലുഷത

നീക്കുകയാണിതു നോക്കിയ ഹേതു

 

മുൾമുടിയതുമൂലം മുറിഞ്ഞിതാ!

തൻമുഖത്തൂടൊഴുകുന്നു തങ്കനിണം

എൻനിനവിലെ തിന്മയഖിലം

ശിരസ്സിലേറ്റിടുവാൻ മനസ്സലിഞ്ഞോനേ

 

മാ മരക്കുരിശ്ശായി ബലിപീഠം

വാനവനീശ്വരനായി യാഗമൃഗം

മരത്തിൽ തൂങ്ങുവോൻ ശപിക്കപ്പെട്ടവൻ

ലിഖിതമിതീവിധമായി നിർവ്വാദം.