കരുണാനിധിയാം താതനേ!

കരുണാനിധിയാം താതനേ! നിൻവചനത്തിൻ

മഹിമാവനന്തമീശനേ! പരലോകലിപികളാൽ

പരിശോഭിച്ചിടുമിതു സ്മരണം ചെയ്തടിയങ്ങൾ

തിരുനാമം വാഴ്ത്തിടുന്നു

 

കനിവേറും രക്ഷിതാവിന്റെ സ്വാഗതസ്വനം

വിതറുന്നു സ്വർഗ്ഗ ശാന്തിയെ അഴിവില്ലാജ്ജീവനുമ

ങ്ങളവില്ലാ പ്രമോദവും അണയുന്നു നിന്റെ ദിവ്യധ്വനി

കേൾക്കുന്നതുനേരം

 

സുരലോക രേഖകളിതു സർവ്വനേരവും

മമ മോദമായിരിക്കണം

ദിനവും പുതിയ ഭംഗി വളരും വെളിച്ചമിവ

ഇതിൽനിന്നു കണ്ടിടുവാൻ തുണ ചെയ്ക പരമാത്മൻ

 

പരമഗുരുവാം നാഥനേ! ദയനിറഞ്ഞ പരനേ!

സകലനാളും നീ അരികേയിരുന്നു നിന്റെ

തിരുവാചമഭ്യസിപ്പാൻ അരുളേണം കൃപയെന്നു

തവ ദാസരുരയ്ക്കുന്നു.