ക്രിസ്തുവിൻ സത്യസാക്ഷികൾ നാം

ക്രിസ്തുവിൻ സത്യസാക്ഷികൾ നാം

ക്രൂശിന്റെ ധീര സേനകൾ നാം

പാരിടത്തിൽ പരദേശികളാം നാം

പരലോക പൗരാവകാശികൾ നാം

 

കൂടുക നാം ഉത്സുകരായ്

പാടുക ജയ ജയ സ്തുതിഗീതങ്ങൾ

ക്രൂശിൻ വചനം സുവിശേഷം

ദേശമശേഷമുയർത്തുക നാം

 

അലസത വിട്ടെഴുന്നേൽക്കുക നാം

അവിശ്രമം പോർപൊരുതിടുക നാം

അവിശ്വാസത്തിൻ തലമുറ തന്നിൽ

വിശ്വാസവീരരായ് പുലരുക നാം

 

അന്ധതയിൽ ജനസഞ്ചയങ്ങൾ

ഹന്ത! വലഞ്ഞു നശിച്ചിടുന്നു

രക്ഷകനേശുവിൻ സാക്ഷികളാം നാം

രക്ഷണ്യമാർഗ്ഗമുരച്ചിടുക

 

എതിരുകളെത്രയുയർന്നാലും

വൈരികളെത്രയെതിർത്താലും

അടിപതറാതെ വഴി പിശകാതെ

ക്രൂശെടുത്തേശുവെയനുഗമിക്കാം

 

ഇന്നു നാം നിന്ദയും ചുമന്നുലകിൽ

ഉന്നതൻ നാമമുയർത്തിടുകിൽ

തന്നരികിൽ നാം ചേർന്നിടുമ്പോൾ

തന്നിടും തങ്കം കിരീടമവൻ.