മൽപ്രാണനായകനേ
മാ കൃപാ സിന്ധോ -മൽ
സൽപ്രകാശമേ ദിവ്യ
സുസ്നേഹമയാ വന്ദേ!
തങ്കമേനിയിലെന്റെ
ലംഘനങ്ങളെയെല്ലാം
ശങ്കയെന്യേ വഹിച്ചെൻ
സങ്കടമകറ്റിയ
രാവും പകലുമെന്നെ
മാർവ്വിൽ വഹിച്ചു തൻ പി-
താവിൻ മുമ്പിലെനിക്കായ്
മേവുന്നാചാര്യനാകും
പത്ഥ്യവചനം മൂലം
മിത്ഥ്യബോധമകറ്റി
സത്യമാർഗ്ഗത്തിലൂടെ
നിത്യം നടത്തിടുന്ന
വിണ്ണിൽ ചേർത്തിടുവോളം
മന്നിലെന്നെ നിൻ സ്വന്ത
കണ്ണിൻ കൃഷ്ണമണിയെ-
ന്നെണ്ണി സൂക്ഷിച്ചിടുന്ന
വേഗമെന്നെയീ നാശ
ലോകേ നിന്നുദ്ധരിപ്പാൻ
മേഘവാഹനമേറി
നാകെ നിന്നിറങ്ങിടും
സങ്കടങ്ങളിലെല്ലാം
പൊൻകരങ്ങളാൽ താങ്ങി
സങ്കേതം നെഞ്ചിലേകി
കൺകൾ തുടച്ചിടുന്ന
പാടും നിൻ കൃപയെക്കൊ-
ണ്ടാടുമായുരന്തം ഞാൻ
പാടും വീണയിൽ പ്രാണ
നാഥനുത്തമ ഗീതം.