മനമേ ഉണർന്നു സ്തുതിക്ക

 

മനമേ ഉണർന്നു സ്തുതിക്ക

നിൻ ദൈവത്തെ നീ

മനമേ ഉണർന്നു സ്തുതിക്ക

 

രാത്രി കഴിഞ്ഞു ഇതാ

മാ ത്രിയേകൻ ശക്തിയാൽ

വാ തൃനാമത്തെ നന്നായ്

വാഴ്ത്തിയുയർത്തുവാനായ്

 

ജീവജന്തുക്കളെല്ലാം

ദൈവമഹത്വത്തിന്നായ്

ലാവണ്യ നാദമോടെ

ആവോളം പുകഴ്ത്തുന്നു

 

അന്ധകാരത്തിൻ ഘോര-

ബന്ധം പുത്രനാൽ നീക്കി

തന്റെ മുഖപ്രകാശം

നിന്മേൽ ഉദിപ്പിച്ചോനെ

 

സകലദോഷങ്ങളെയും

അകലെ മാറ്റി നിനക്കു

പകൽതോറും പുതുകൃപ

മകനാൽ ചൊരിയുന്നോനെ

 

അതികാലത്തു ജ്ഞാനത്തിൻ

പടിവാതിൽക്കൽ ഉണർന്നും

മടിക്കാതെ ജീവമാർഗ്ഗം

പഠിച്ചും കൊള്ളുന്നോൻ ധന്യൻ

 

നിത്യതാതന്നു സ്തോത്രം

മൃത്യുഹരന്നു സ്തോത്രം

സത്യാത്മാവിന്നും സ്തോത്രം

ആദ്യം ഇന്നുമെന്നേക്കും.