മരണം ജയിച്ച വീരാ!

മരണം ജയിച്ച വീരാ! എൻ കർത്താവാം യേശുവേ!

എന്റെ മരണവും തീരെ വിഴുങ്ങിയ ജീവനേ!

നിന്റെ ജീവൻ എന്നിൽ വേണം വേണ്ടസ്വന്ത ജീവിതം

നീ എന്നുള്ളിൽ വസിക്കേണം എന്നത്രേ എൻ താൽപര്യം

 

ലോകത്തിനും പാപത്തിനും ക്രൂശിൻമേൽ ഞാൻ മരിച്ചു

ജീവന്റെ പുതുക്കത്തിനും നിന്നെയത്രേ ധരിച്ചു

സ്വർഗ്ഗത്തിലിപ്പോളെൻ ജീവൻ യേശു താനെൻ പാർപ്പിടം

ഉന്നതങ്ങളിൽ ഈ ഹീനൻ വാഴുന്നെന്തോരാശ്ചര്യം!

 

ജീവവെള്ളം ഒഴുകുന്നു നനയ്ക്കുന്നെൻ ഹൃദയം

പുഷ്പങ്ങളായ് പുഷ്പിക്കുന്നു ശാന്തിസ്നേഹം ആനന്ദം

ഇതെൻ പ്രിയന്നുള്ളതോട്ടം ഇതിൽ നടക്കുന്നു താൻ

രാവും പകലും തൻനോട്ടം ഉണ്ടതിന്മേൽ കാക്കുവാൻ

 

നിന്റെ ശക്തി എന്റെ ശക്തി എല്ലാറ്റിലും മതി ഞാൻ

നിന്റെ ഭക്തി എന്റെ ഭക്തി ഹാ! നിന്നിൽ ഞാൻ ധനവാൻ

എന്റെ പ്രിയനെനിക്കുള്ളോൻ അവനുള്ളോൻ ഞാനുമായ്

ക്രൂശിൽ സ്വന്തരക്തം തന്നോൻ എന്നെ വാങ്ങി തനിക്കായ്

 

യേശു എൻ വിശ്വാസക്കണ്ണു കാത്തു സൂക്ഷിക്കേണമേ

അതിൽ ഇഹലോകമണ്ണു വീണുമയക്കരുതേ

സാത്താൻ ഓരോ ചിന്തകളെ ഈച്ചകളെ എന്നപോൽ

അയച്ചാൽ കൺപോളകളെ ഉടൻ നീ അടച്ചുകൊൾ

 

ലോകം വേണ്ടാ ഒന്നും വേണ്ടാമതി യേശു എനിക്കു

സാത്താനേ നീ ആശിക്കേണ്ടാകൊണ്ടുപോ നിൻ ചരക്കു

കഴുപോലെ പറക്കുന്നു മേലോട്ടു എൻ ഹൃദയം

ഭൂമി താഴെ കിടക്കുന്നു ദൂരെ അതിൻ അശുദ്ധം

 

യേശുവേ നീ ജീവിക്കുന്നു ഞാനും എന്നും ജീവിക്കും

നിത്യജീവൻ നിന്നിൽ നിന്ന് എന്നിൽ എന്നും ഒഴുകും

സ്വർഗ്ഗത്തിൽ നീ ഇരിക്കുന്നു വേഗം ഞാനും ഇരിക്കും

സ്നേഹത്തിൻ സംസർഗ്ഗത്തിന്നു നിന്റെ കൂടെ വസിക്കും.

Your encouragement is valuable to us

Your stories help make websites like this possible.