മരിച്ചോനുയിരെ ധരിച്ചോ

മരിച്ചോനുയിരെ ധരിച്ചോ-

നൊരുത്തനേയുള്ളവൻ

ക്രിസ്തേശുനാഥനല്ലോ

 

ചാവിനെവെന്ന ദേവനവൻ

ജീവനെ നൽകാൻ കഴിവുള്ളവൻ

ഭൂവിതിലേവം വെളിപ്പെടുവാൻ

ഈ വിധം ചെയ്തു മാനവർക്കായ്

 

മറ്റാരും ചെയ്തില്ലിതുപോലെ

മറ്റൊരുത്തനിലും രക്ഷയില്ല

വാനത്തിൻ കീഴിൽ നരർക്കിടയിൽ

മറ്റൊരു നാമമില്ലിതെന്യേ

 

വിശ്വസിച്ചിടാൻ യോഗ്യമായി

വിശ്വമശേഷമൊന്നിതുപോൽ

നിശ്ചയമായ് മറ്റില്ലതിനാൽ

നിസ്തുലമാമംഗീകൃതമാം

 

ഇത്രമഹാനാം ക്രിസ്തുവിനെ

മാത്രമീ മണ്ണിൽ മർത്യഗണ

മാശ്രയിക്കേണ മല്ലയെങ്കിൽ

ഭദ്രമല്ലാതാം ഭാവിദൃഢം

 

ഇന്നവൻ വിണ്ണിൽ വാണിടുന്നു

വന്നിടുമന്നു തന്റെ ജനം

മണ്ണിലുറങ്ങുന്നോരുണർന്ന്

ജീവനുള്ളവരോടൊത്തുയരും.