നരരേ! വന്നിടുവിൻ

നരരേ! വന്നിടുവിൻ പരനോടു യോജിപ്പിൻ

മരണം സഹിച്ച തൻ പുത്രനാൽ ഇപ്പോൾ

 

ഗതിയില്ലാ മർത്യർക്കായ് ഉദിച്ചരുണോദയം

അതിക്രമം നീക്കിയ ക്രിസ്തേശു തന്നെ

 

ജപിച്ചാലും നാമങ്ങൾ തപസ്സോടെ രാപ്പകൽ

ലഭിക്കുകയില്ലതാൽ രക്ഷയെ പാപി!

 

ഒരു നാമമേയുള്ളു കരുണ കണ്ടെത്തുവാൻ

തിരുവേദസാക്ഷ്യങ്ങൾ കേട്ടാലും നിങ്ങൾ

 

കുരിശിങ്കൽ നോക്കിയാൽ ദുരിതങ്ങൾ നീങ്ങിപ്പോം

മുറിവേറ്റ കുഞ്ഞാട്ടിൻ രക്തത്താൽ എല്ലാം

 

ഹൃദയവിശുദ്ധിയും കൃപയാലെ പ്രാപിക്കും

സദയം തൻ ആലയം ആക്കിടും ദൈവം

 

വസിക്കുവാൻ ദൈവത്തിൽ രസിച്ചിടാൻ സത്യത്തിൽ

നശിക്കാത്ത ജീവനെ നൽകും താൻ ഉള്ളിൽ

 

മരണം വന്നിടുമ്പോൾ ശരണം ഈ രക്ഷകൻ

പറുദീസയിങ്കൽ താൻ ചേർത്തിടും അപ്പോൾ

 

ഒടുവിൽ താൻ നീതിയിൽ വിധിക്കുമതിൻ മുമ്പിൽ

എടുപ്പിൻ തൻ സൗജന്യ രക്ഷയെ നിങ്ങൾ.

Your encouragement is valuable to us

Your stories help make websites like this possible.