നിനക്കായെൻ ജീവനെ

നിനക്കായെൻ ജീവനെ മരക്കുരിശിൽ

വെടിഞ്ഞെൻ മകനേ!

ദിനവും ഇതിനെ മറന്നു ഭൂവി നീ

വസിപ്പതെന്തു കൺമണിയേ?

 

വെടിഞ്ഞു ഞാനെന്റെ പരമമോദങ്ങളഖിലവും

നിന്നെക്കരുതി നിന്റെ

കഠിനപാപത്തെ ചുമന്നൊഴിപ്പതി-

ന്നടിമവേഷം ഞാനെടുത്തു

 

പരമതാതന്റെ തിരുമുമ്പാകെ നിൻ

ദുരിതഭാരത്തെ ചുമന്നു കൊണ്ടു

പരവശനായി തളർന്നെൻ വിയർപ്പു

ചോരത്തുള്ളി പോലൊഴുകി

 

പെരിയൊരു കുരിശെടുത്തു കൊണ്ടു ഞാൻ

കയറി കാൽവറി മുകളിൽഉടൻ

കരുത്തെഴുന്നവർ പിടിച്ചിഴച്ചെന്നെ

കിടത്തി വൻകുരിശതിന്മേൽ

 

വലിച്ചു കാൽകരം പഴുതിണയാക്കി

പിടിച്ചിരുമ്പാണി ചെലുത്തി ഒട്ടും

അലിവില്ലാതടിച്ചിറക്കിയേ രക്തം

തെറിക്കുന്നെന്റെ കണ്മണിയേ!

 

പരമദാഹവും വിവശതയും കൊണ്ടധികം

തളർന്ന എന്റെ നാവ്

വരണ്ടു വെള്ളത്തിന്നിരന്ന നേരത്തും

തരുന്നതെന്തു നീയോർക്ക

 

കരുണയില്ലാത്ത പടയാളിയൊരു

പെരിയകുന്തമങ്ങെടുത്തുകുത്തി

തുറന്നെൻ ചങ്കിനെയതിൽ നിന്നൊഴുകി

ജലവും രക്തവുമുടനെ

 

ഒരിക്കലും എന്റെ പരമസ്നേഹത്തെ

മറക്കാമോ നിനക്കോർത്താൽനിന്മേൽ

കരളലിഞ്ഞു ഞാനിവ സകലവും

സഹിച്ചെൻ ജീവനെ വെടിഞ്ഞു.

Your encouragement is valuable to us

Your stories help make websites like this possible.