ഞാൻ കർത്താവിനായ് പാടും

ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം

ദൈവമഹത്വം കൊണ്ടാടും കീർത്തിക്കും തൻവാത്സല്യം

 

ഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം

സാക്ഷാൽ അഭിഷിക്തർക്കെല്ലാ കാലത്തും സന്തോഷിക്കാം

 

ദൈവമുഖത്തിൻമുമ്പാകെ വീണയാലെ സ്തുതിപ്പാൻ

യേശുവിന്റെ രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻ

 

കേൾക്ക ദൂതന്മാരിൻ ഗാനം ബേത്ലഹേമിൻ വയലിൽ

നോക്കുക പിതാവിൻ ദാനം ചേരുക സംഗീതത്തിൽ

 

പാലും തേനും ഒഴുകിടും നല്ലൊർ രാജ്യം എന്റേതാം

ആശ്വാസങ്ങൾ നിറഞ്ഞിടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടം

 

പാടും ഞാൻ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോൾ

പാടും എന്നെ അഗ്നിയാലെ ശോധന ചെയ്തിടുമ്പോൾ

 

അത്തിവൃക്ഷം വാടിയാലും മുന്തിരിങ്ങാ വള്ളിയും

ഒന്നും നൽകാതിരുന്നാലും ഞാൻ കർത്താവിൽ പുകഴും

 

എൻനിക്ഷേപം സ്വർഗ്ഗത്തിങ്കൽ ആകയാൽ ഞാൻ ഭാഗ്യവാൻ

ലോകരുടെ ദുഃഖത്തിങ്കൽ എനിക്കുണ്ടോ ദുഃഖിപ്പാൻ

 

ദൈവത്തിങ്കലെ സന്തോഷം ആശ്രിതരിൻ ബലമാം

ആശയറ്റുപോയ ക്ലേശം ദൂരത്തെറിയുക നാം

 

ഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നും

ഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സർവ്വകാലത്തും.

Your encouragement is valuable to us

Your stories help make websites like this possible.