പാടും നിനക്കു നിത്യവും പരമേശാ!

പാടും നിനക്കു നിത്യവും പരമേശാ!

പാടും നിനക്കു നിത്യവും

കേടകറ്റുന്ന മമ നീടാർന്ന നായകാ!

 

പാടും ഞാൻ ജീവനുള്ള നാളെന്നും നാവിനാൽ

വാടാതെ നിന്നെ വാഴ്ത്തുമേ പരമേശാ!

 

പാടവമുള്ള സ്തുതി പാഠകനെന്നപോൽ

തേടും ഞാൻ നല്ല വാക്കുകൾ പരമേശാ!

 

പൂക്കുന്നു വാടിയൊരു പൂവല്ലി തൂമഴയാൽ

ഓർക്കുന്നു നിന്റെ പാലനം പരമേശാ!

 

ഗന്ധം പരത്തിടുന്ന പുഷ്പങ്ങളെന്നുടെ

അന്തികം രമ്യമാക്കുന്നു പരമേശാ!

 

ശുദ്ധരിൽ വ്യാപരിക്കും സ്വർഗ്ഗീയ വായുവാൽ

ശുദ്ധമീ വ്യോമമണ്ഡലം പരമേശാ!

 

കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ

തുഷ്ടിപ്പെടുത്തിയെന്നെ നീ പരമേശാ!

 

സ്നേഹക്കൊടിയെനിക്കു മീതേ വിരിച്ചു പ്രിയൻ

ഞാനും സുഖേന വാഴുന്നു പരമേശാ!

 

ആയവൻ തന്ന ഫലം ആകെ ഭുജിച്ചു മമ

ജീവൻ സമൃദ്ധിയാകുന്നു പരമേശാ!

 

ദൈവപ്രഭാവമെന്റെ മുന്നിൽ തിളങ്ങിടുന്നു

ചൊല്ലാവതല്ല ഭാഗ്യമെൻ പരമേശാ!

 

എന്നുള്ളമാകും മഹാ ദൈവാലയത്തിൽനിന്നു

പൊങ്ങും നിനക്കു വന്ദനം പരമേശാ!