പാടും പരമനു പരിചൊടു ഞാൻ

പാടും പരമനു പരിചൊടു ഞാൻ വരുമവനു സതതം ജയം

ഓടും വാജിയെ സാദിയോടു കൂടവേ

കടലൂടെ തള്ളി തൻ തേജസ്സോടെ പ്രബലപ്പെട്ടാൻ

 

മാമകബലം സ്തുതിയായവൻ താൻ യഹോവാ

ആയവനെനിക്കുള്ള രക്ഷയും ദൈവവുമാം

ആകയാലവന്നൊരു വാസസ്ഥലം ചമയ്പ്പേൻ

ഹാ! പിതൃദേവനവൻ ഞാനവനെ പുകഴ്ത്തി

 

യുദ്ധമനുഷ്യനവൻ യാഹെന്നവന്റെ നാമം

സത്വരം ഫറവോവിൻ സൈന്യം രഥങ്ങളെയും

അബ്ധിയിൽ തള്ളിയിട്ടു യുദ്ധനേതാക്കൾ മുങ്ങി

ഗുപ്തരായ് ചെങ്കടലിലത്തലോടവർ താണു

 

ആയവരെ ആഴങ്ങൾ മൂടി കല്ലുപോലവർ

ആയമോടടിയിലോട്ടായവർ താണു യഹോവയേ

നിൻ വലത്തുകൈ ആയോധനേ

ബലപ്പെട്ടായതു ശത്രുക്കളെ മായമെന്യേ നുറുക്കി

 

നിന്നെതിരികളെ നിന്നുന്നത തേജസ്സിനാലൊന്നിച്ചു

തള്ളിക്കളഞ്ഞുന്നതനേ നിന്നുടെ മിന്നിജ്വലിക്കും ക്രോധം

നിന്നിൽ നിന്നയച്ചു നീ ചിന്നും താളടിയേപ്പോൽ

തിന്നിതവരെയതു

 

നിൻ മൂക്കിലെ ദ്വാരങ്ങളിൻ ശ്വാസത്താൽ വെള്ളങ്ങൾ

ഒന്നിച്ചു കൂടപ്പെട്ടു നീരോട്ടങ്ങൾ കൂട്ടംപോൽ

നിന്നിതാഴങ്ങൾ കടൽ തന്നുള്ളിലുറച്ചുപോയ്

വന്ദിതനേ! പരമ മന്നവ! നിൻ കൃപയാൽ

 

ശത്രുപറഞ്ഞു: ഞാൻ പിന്നാലെ ചെല്ലും, പിടിക്കും

വിദ്രുതമപഹൃതം ഭദ്രം ഞാൻ ഭാഗിച്ചിടും

തൃപ്തിപ്പെടുമെന്നാത്മാവത്രയെക്കൊണ്ടുമുടൻ

ഉദ്ധരിച്ചെൻ വാളാൽ ഞാൻ നിഗ്രഹിക്കുമവരെ

 

നിൻ കാറ്റുകൊണ്ടുതി നീ; സിന്ധുവവരെ മൂടി

ചെങ്കടലിലീയം പോൽ ശങ്കയെന്യേ താണവർ

നിന്നത്ഭുതക്രിയകൾ പങ്കഹീനസ്തുതികൾ

തങ്കലെത്രയും മാന്യൻ ശങ്കനീയൻ നിസ്തുല്യൻ

 

നീട്ടി വലത്തുകൈ നീ തട്ടി വിഴുങ്ങി ഭൂമി

കൂട്ടിക്കൊണ്ടുവന്നു നിൻ കൂട്ടത്തെ കൃപയാ നീ

വാട്ടമില്ലാസ്ഥലത്തു കേട്ടാൽ ജനം പേടിക്കും

സ്പഷ്ടമായ് ഫെലിസ്ത്യരോ തട്ടുകേടായ് ദുഃഖിക്കും

 

ഏദോം പ്രഭുക്കളെല്ലാം ഖേദമോടെ ഭ്രമിക്കും

മോവാബിലെ ബലവാന്മാരാകവേ വിറയ്ക്കും

കനാൻ പ്രജകളെല്ലാം സാവേഗമായ് ദ്രവിക്കും

ഹാ! ഭയവും ഞെട്ടലും ആയവരെ പിടിക്കും

 

നിൻ ഭുജവല്ലഭതസ്തംഭിതരായവർ നിൻ

സമ്പാദിത ജനം കടന്നു പോകും വരെയ്ക്കും

കമ്പനമില്ലാതുള്ള കല്ലുകൾ പോലെ തന്നെ

കുംഭിനീനാഥനേ! നിൻ മുമ്പിലിരിക്കുമവർ

 

ഉൾപ്രവേശിപ്പിച്ചു നിൻ സൽപുരത്തിലവരെ

ത്വൽപാർപ്പിനായ് സ്ഥാപിച്ച ശുദ്ധസ്ഥലത്തുതന്നെ

കെൽപ്പുള്ള നിന്നവകാശാൽപേതരാദ്രി തന്നിൽ

നിൽപ്പാനരുളും ഭവാൻ സൽപാലകനായ് വാഴും.

Your encouragement is valuable to us

Your stories help make websites like this possible.