പാപി വരിക! പരനെയറിക! തവ

പാപി വരിക! പരനെയറിക! തവ

പാപമെല്ലാമൊഴിഞ്ഞേറ്റു പറക, തിരിക!

 

പാപമേതെന്നറിക ആകെ നിങ്കേന്നെറിക

പാപശിക്ഷ മരണമെന്നറിക, തിരിക

 

ജീവനത്തേടുക വേഗമായോടിടുക

ജീവൻ നൽകും കാൽവറിയോടണക, തിരിക

 

ആവലോടിക്ഷണം ക്രൂശോടണഞ്ഞിടുകിൽ

ജീവനവനൗദാര്യമായരുളും സ്ഥിരമായ്

 

പുത്രനിൽ വിശ്വസിച്ചിടുന്ന നരർക്കിന്നു

നിത്യരക്ഷ ലഭിക്കുവാൻ തടവില്ലുടനെ

 

സത്യാത്മാ പറയുന്നു കേൾക്കുവോനും പറയാം

ഇച്ഛിപ്പോർക്കു ജീവവെള്ളം വെറുതേ വാങ്ങിടാം

 

ക്രിസ്തുകാന്തയുമിതാ ശക്തിയായ് വിളിക്കുന്നു

സ്വസ്ഥത ലഭിപ്പതിനു വഴിയിതൊന്നു താൻ

 

ജീവജലത്തിനുറവയൊഴുകും നിന്നിൽ

ജീവനെങ്ങും വ്യാപിപ്പതാൽ മരണം നീങ്ങിടും

 

അന്ധകാരം നീങ്ങിയെന്തു വെളിച്ചമാകും!

സ്വാന്തമെല്ലാം പ്രഭ തിങ്ങി നിറയും ദൃഢമായ്

 

മൂഢബോധമൊഴിയും കേടകന്നു തിരിയും

ഗാഢമായ് ജ്ഞാനമുള്ളിൽ കലരും വളരും

 

ഇദ്ദിനമിന്നു നീ നഷ്ടമാക്കിടുമെങ്കിൽ

മറ്റൊരു ദിനം നിനക്കു തരമായ് വരുമോ?