പരമപിതാവിനെ പാടി സ്തുതിക്കാം

പരമപിതാവിനെ പാടി സ്തുതിക്കാം

തിരുമകനെ തന്ന സ്നേഹത്തെയോർക്കാം

പരിപാവനപാദത്തിൽ വീണു നമിക്കാം

പരമാനന്ദത്തോടു പാടിപ്പുകഴ്ത്താം

 

അഖിലാണ്ഡമെല്ലാമുളവാക്കി വാക്കാ

ലെങ്കിലും മാനവരക്ഷ സാധിപ്പാൻ

തൻകുമാരൻ തിരുച്ചങ്കിലെ രക്തം

ചൊരിവതിന്നായ് താതനനുവദിച്ചല്ലോ

 

ഒരു കണ്ണിന്നും ദയ തോന്നാതെ നമ്മൾ

പരിതാപം പൂണ്ടുകിടന്നൊരു നേരം

അരികേ വന്നാശ്വാസം തന്നൊരു സ്നേഹം

അകമേ നിനച്ചു വണങ്ങി നമിക്കാം

 

തിരുവചനം നമ്മൾക്കു വഴി കാട്ടുവാനും

പരിശുദ്ധാത്മാവിനെ ഗുരുഭൂതനായും

പരിപാലിപ്പാനായി ദൂതഗണത്തെയും

തരുവാൻ പ്രസാദിച്ച താതന്നു സ്തോത്രം!

 

സ്വർഗ്ഗസ്ഥതാതന്നു സ്തോത്രം! സ്തോത്രം!

ക്രിസ്തേശുനാഥനു സ്തോത്രം! സ്തോത്രം!

പരിശുദ്ധാത്മാവിന്നും സ്തോത്രം! സ്തോത്രം!

ഇന്നുമെന്നെന്നേക്കും സ്തോത്രം! സ്തോത്രം!