പരനേ! തിരുമുഖശോഭയിൻ

 

പരനേ! തിരുമുഖശോഭയിൻ കതിരെന്നുടെ ഹൃദയേ

നിറവാൻ കൃപയരുളേണമീ ദിവസാരംഭ സമയേ

 

ഇരുളിൽ ബലമഖിലം മമ നികടേ നിന്നന്നങ്ങൊഴിവാൻ

പരമാനന്ദ ജയകാന്തിയെൻ മനതാരിങ്കൽ പൊഴിവാൻ

 

പുതുജീവനിൻ വഴിയേ മമ ചരണങ്ങളിന്നുറപ്പാൻ

അതിശോഭിത കരുണാഘനമിഹമാം വഴി നടത്താൻ

 

ഹൃദയേ തിരുകരമേകിയ പരമാമൃത ജീവൻ

പ്രതിവാസരം വളർന്നേറ്റവും ബലയുക്തമായ് ഭവിപ്പാൻ

 

പരമാവിയിൻ തിരുജീവനിൻ മുളയീയെന്നിൽ വളർന്നി-

ട്ടരിസഞ്ചയനടുവിൽ നിന്റെ ഗുണശക്തികൾ വിളങ്ങാൻ

 

മരണം വരെ സമരാങ്കണം അതിൽ ഞാൻ നില നിന്നി-

ട്ടമർ ചെയ്തെന്റെ നില കാക്കുവാൻ തവ സാക്ഷിയായ് ഇരിപ്പാൻ

 

അമിതാനന്ദ സുഖശോഭന നിലയേ വന്നങ്ങണവാൻ

അവിടെന്നുടെ പ്രിയനോടൊത്തു യുഗകാലങ്ങൾ വസിപ്പാൻ.