പോകുക വേഗം നാം പോകുക സോദരാ

പോകുക വേഗം നാം പോകുക സോദരാ

പോകുക കർത്തനായ് പോർ ചെയ്യുവാൻ

ചേരുക വേഗം നാം പോയിടാം നാഥനായ്

പോർക്കള ധീരരായ് പോർ പൊരുതീടുവാൻ

 

നോക്കുക ദൂരെ നാം കാണുന്നില്ലെ

മുത്തുവിളഞ്ഞു കിടക്കും വയൽ

കൊയ്ത്തിനായ് പോകുക ഒട്ടും മടിക്കാതെ

ആർപ്പോടെ കറ്റ ചുമന്നുകൊണ്ടുവരാൻ

 

നാഥൻ വചനത്തെ വാളായിട്ടും

വേദത്തിൻ സത്യം പരിചയുമായ്

വിശ്വാസമെന്ന ശിരസ്ത്രം ധരിച്ചു നാം

രക്ഷയ്ക്കായ് നീതികവചം ധരിച്ചും നാം

 

വീടുകൾ മേടുകൾ കാടുകളും

വേലിയ്ക്കരികിലും പോയിടുകാ

തേടുക നാഥനായ് ആത്മാക്കളെ വേഗം

നാളെ നമുക്കുള്ളതല്ലയെന്നോർക്കണം

 

നാഥന്റെ വേലകൾ ചെയ്തുകൊണ്ട്

കാന്തൻ വരവിനായ് കാത്തിരിക്കാം

കാഹളം കേൾക്കുമ്പോൾ ശുദ്ധരോടൊത്തു നാം

നാഥന്റെ സന്നിധൗ ചേർന്നിടും നിശ്ചയം.