പൊന്നൊളി വീശുമീ

പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണർ-

ന്നുന്നത ദൈവമേ വാഴ്ത്തുന്നേ

മന്നിതിൽ കൂരിരുൾ നീങ്ങി പ്രഭാതത്തെ

കാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നേ

 

നിൻതിരുപാതയിലിന്നു നടന്നിടാൻ

നീ കൃപചെയ്ക എൻ ദൈവമേ

അന്നന്നുവേണ്ടുന്നതെല്ലാം നീ തന്നെന്നെ

എന്നും പുലർത്തണേ ദൈവമേ

 

എന്നുടെ ക്രിയകൾ നിൻനാമ മേന്മയ്ക്കായ്

എന്നാളും തീരുമാറാകണമേ

മന്നിതിൻ മോഹങ്ങളൊന്നിലുമെൻ മനം

മങ്ങിമയങ്ങാതെ കാക്കണമേ

 

ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നു

നന്നായി ജീവിപ്പാറാകണേ

നീ കൃപ തന്നെന്നെ ആശീർവദിക്കണം

ഇന്നന്ത്യത്തോളമെൻ ദൈവമേ.