പുത്തൻ യെരൂശലേമേ! ദിവ്യ

പുത്തൻ യെരൂശലേമേ! ദിവ്യ

ഭക്തർ തന്നാലയമേ തവനിഴലിൽ

പാർത്തിടുവാനടിയൻ അനുദിനവും

കാംക്ഷിച്ചു പാർത്തിടുന്നേ

 

നിർമ്മലമാം സുകൃതം തൻ

പൊന്നൊളിയാർന്നമരുമിടം

കാംക്ഷിച്ചു പാർത്തിടുന്നേ

പുരമിതിനെ കാംക്ഷിച്ചു പാർത്തിടുന്നേ (3)

 

നിന്നടിസ്ഥാനങ്ങളോ പ്രഭ

ചിന്തുന്ന രത്നങ്ങളാം ശബളനിറം

വിണ്ണിന്നു നൽകിടുന്നു നയനസുഖം

കാണ്മവർക്കേകിടുന്നു

 

പന്ത്രണ്ടുഗോപുരങ്ങൾ മുത്തു

പന്ത്രണ്ടു കൊണ്ടുതന്നെ മുദമരുളും

തങ്കമേ വീഥി പാർത്താൽ സ്ഫടികസമം

തങ്കുവോർക്കാനന്ദമേ

 

വേണ്ടാ വിളക്കവിടെ സൂര്യ

ചന്ദ്രരോ വേണ്ടൊട്ടുമേ പരമസുതൻ

തന്നെയിതിൻ വിളക്ക് പരവെളിയാൽ

ശോഭിച്ചിടുന്നിപ്പുരം

 

അന്ധതയില്ലാ നാടേ ദൈവ

തേജസ്സു തിങ്ങും വീടേ തവ സവിധേ

വേഗത്തിൽ വന്നു ചേരാൻ മമ ഹൃദയം

ആശിച്ചു കാത്തിടുന്നേ

 

സൗഖ്യമാണെന്നും നിന്നിൽ ബഹു

ദുഃഖമാണല്ലോ മന്നിൽ ഒരുപൊഴുതും

മൃത്യുവില്ലങ്ങു വന്നാൽ കരുണയെഴും

ക്രിസ്തുവിൻ നന്മതന്നാൽ

 

പൊന്നെരൂശലേമമ്മേ!നിന്നെ

സ്നേഹിക്കും മക്കൾ തമ്മെ തിരുമടിയിൽ

ചേർത്തുകൊണ്ടാലും ചെമ്മേ

നിജതനയർക്കാലംബമായൊരമ്മേ

Your encouragement is valuable to us

Your stories help make websites like this possible.