രാജാത്മജ വിരുന്നതിൻ വിവരം

രാജാത്മജ വിരുന്നതിൻ വിവരം

ഈ ഉപമയോ മഹാസാരം

രാജാത്മജ വിരുന്നതിൻ വിവരം

 

രാജസുതൻ വേളിയൊന്നു കഴിച്ചിതു പണ്ടു

രാജ്യത്തുള്ള പൗരന്മാരെ ക്ഷണിച്ചതുകൊണ്ടു

ഭോജനത്തിൻ നാളണഞ്ഞെന്നരചനും കണ്ടു

ആ ജനത്തെ വിളിച്ചുടൻ ആളയച്ചുംകൊണ്ടു

 

വേണ്ടവിഭവങ്ങളെല്ലാം ചേർത്തു ഞാൻ വിരുന്നു

വേണ്ടും വിധം ചമയ്ക്കയാൽ നിങ്ങളിപ്പോൾ വന്നു

വേണ്ടുവോളം ഭുജിക്കുവിൻ തൃപ്തരാവിനെന്നു

വേണ്ടിനാർ ക്ഷണം ലഭിച്ച മാനുജരോടന്നു

 

ഒഴികഴിവോരോതരം പറഞ്ഞാരന്നേരം

ഒരുത്തനു നിലത്തിലായ് മനസ്സിൽ വിചാരം

നിജസ്ത്രീയിൽ ലയിക്കയാലൊരുത്തനസാരം

മുടക്കുണ്ട് കാളകളാലപരന്നു ഭാരം

 

വന്നിടുവിൻ വിരുന്നിനെന്നിവരറിയിച്ചു

കൊണ്ടതു മറുക്കമൂലമരചൻ കോപിച്ചു

അന്നഗരം നശിപ്പിപ്പാനുടൻ കൊള്ളി വച്ചു

വെന്തുപൊരിഞ്ഞഗ്നി തന്നിലവർ വിലപിച്ചു

 

കാര്യമേവം ഭവിക്കയാൽ ഭൂപതി തിരിഞ്ഞു

ദാസരോടു പറഞ്ഞിതു നിങ്ങളോ വിരഞ്ഞു

വേലികൾ വഴിയരികെന്നിവ്വിടം തിരഞ്ഞു

സാധുജനങ്ങളെയാകെ സംഭരിക്കറിഞ്ഞു

 

കിട്ടിയ ജനങ്ങളാലെ ശാലയെ നിറച്ചു

ചട്ടമിവരുടേതൊന്നു നോക്കുവാനുറച്ചു

പെട്ടന്നരചൻ വരവേ തന്നുടൽ മറച്ചു

കൊട്ടിലിലിരുന്ന നീചവേഷനാലറച്ചു

 

രാജനോ വിളിച്ചുചൊന്നു ശുഭ്രവസ്ത്രം വിട്ടോ?

രാജവിരുന്നിൽ കടക്ക പതിവെന്തു മട്ടോ?

നമ്മെയിവൻ നിന്ദിക്കയാലിരുട്ടിങ്കലിട്ടോ

നല്ല ശിക്ഷ കൊടുക്കേണം തീക്കടലിൽ ചുട്ടോ

 

ഭൃത്യരിവനെ വരിഞ്ഞുകെട്ടി വൈരം തേടി

പട്ടണത്തിനു പുറത്തെ മതിലിങ്കൽകൂടി

ഒട്ടുമടികാണാതുള്ള കൂരിരുട്ടിൽ പേടി-

പ്പെട്ടു നരകത്തിൽ താഴാൻ തള്ളിയും വച്ചോടി.