സത്യസഭാപതി യേശുവേ!

സത്യസഭാപതി യേശുവേ!

നിത്യം ജയിക്ക കൃപാനിധേ!

സ്തുത്യർഹമായ നിൻ നാമത്തെ

മർത്യരെല്ലാം ഭജിച്ചിടട്ടെ

 

സീമയറ്റുള്ള നിൻ പ്രേമവും

ആമയം നീക്കും പ്രസാദവും

ഭൂമയർ കണ്ടുതൃപ്പാദത്തിൽ

താമസമെന്യേ വീണിടട്ടെ

 

ക്ഷീണിച്ച നിന്നവകാശമീ

ക്ഷേണിയിലെങ്ങുമുണർന്നിടാൻ

ആണിപ്പഴുതുളള പാണിയാൽ

പ്രീണിച്ചനുഗ്രഹിക്കേണമേ

 

മന്ദമായ് നല്ലിളം പുല്ലിൽ വീ-

ഴുന്ന ഹിമകണസന്നിഭം

സുന്ദരമാം മൊഴി ജീവന്നാ-

നന്ദം വളർത്തട്ടെ ഞങ്ങളിൽ

 

ലെബാനോനിന്റെ മഹത്വവും

കർമ്മേലിൻ സൽഫലപൂർത്തിയും

ശാരോൻഗിരിയുടെ ശോഭയും

നിൻജനത്തിനു നൽകേണമേ

 

ഭംഗമില്ലാത്ത പ്രത്യാശയിൽ

തുംഗമോദേനയിജ്ജീവിത

രംഗം സുമംഗളമാക്കുവാൻ

സംഗതിയാക്കുക നായക!