സത്യവേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ!

സത്യവേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ!

ക്രിസ്തനെ വെളിപ്പെടുത്തിടുന്ന സാക്ഷ്യമേ

നിത്യജീവമന്നയാമതെന്റെ ഭക്ഷ്യമേ

യുക്തിവാദമൊക്കെയുമെനിക്കലക്ഷ്യമേ

 

വാനിലും ധരിത്രിതന്നിലും പ്രധാനമേ

തേനിലും സുമാധുര്യം തരുന്ന പാനമേ

പൊന്നിലും വിലപ്പെടുന്ന ദൈവദാനമേ

മന്നിലന്യഗ്രന്ഥമില്ലിതിൻ സമാനമേ

 

ആഴമായ് നിനപ്പവർക്കിതത്യഗാധമേ

ഏഴകൾക്കുമേകിടുന്നു ദിവ്യബോധമേ

പാതയിൽ പ്രകാശമേകിടുന്ന ദീപമേ

സാദമേറിടുന്നവർക്കു ജീവപൂപമേ

 

സങ്കടത്തിലാശ്വസിക്കത്തക്ക വാക്യമേ

സന്തതം സമാദരിക്കിലെത്ര സൗഖ്യമേ

സംശയിച്ചിടേണ്ടതെല്ലുമത്രയോഗ്യമേ

സമ്മതിച്ചനുസരിപ്പവർക്കു ഭാഗ്യമേ

 

ശത്രുവെ ജയിച്ചടക്കുവാൻ കൃപാണമേ

സത്യമാദരിക്കുവോർക്കു സത്പ്രമാണമേ

നിത്യവും സമസ്തരും പഠിച്ചിടേണമേ

സത്യപാത ക്രിസ്തുനാഥനെന്നു കാണുമേ.