സ്നേഹത്തിൻ ദീപമാം യേശുവെന്നിൽ

സ്നേഹത്തിൻ ദീപമാം യേശുവെന്നിൽ

വന്നതെന്തത്ഭുതമേ!

അത്യഗാധം അതുല്യമാണേ

അസാദ്ധ്യം വർണ്ണിച്ചിടാൻ

 

കീർത്തിക്കും ഞാനെന്നും സോദരരോടൊത്ത്

തൻതിരുനാമത്തെയും ഓർത്തു സ്തുതിച്ചിടും

ആർത്തിയാലേഴയെ ചേർത്തതൻ

സ്നേഹത്തിന്നായ്

 

പാപിയാമെന്നുടെ പാതകം പോക്കുവാൻ

പാപമാക്കപ്പെട്ടോനെ

പാരിതിൽ പാർക്കിലും പാടി സ്തുതിച്ചിടും

ഭാരങ്ങളോർത്തിടാതെ

 

പൊളളയാണൂഴിയിലുള്ളതെല്ലാ-

മെനിക്കില്ലതിലാശ തെല്ലും

വല്ലഭൻ താനെന്നുള്ളിലുണ്ടാക-

യാലില്ല നിരാശ തെല്ലും

 

മേഘത്തിൽ വന്നിടും നാഥനിൻ

ചാരത്ത് വേഗം ഞാനെത്തിടുമേ

നീറുമെൻ മാനസം മാറി ഞാൻ മോദമായ്

വാഴും തൻ സന്നിധിയിൽ.