സ്വർഗ്ഗപിതാവിൻ മടിയിൽ

സ്വർഗ്ഗപിതാവിൻ മടിയിൽ

പാർക്കും നാഥനേ!

സ്വർഗ്ഗം വിട്ടീ ഭൂമിയിൽ നീ

വന്നതെങ്ങനെ?

 

എത്രയോ മഹത്വമേറും നിൻ പദവിയെ

മർത്യലോകത്തിനുവേണ്ടിവിട്ടൊഴിഞ്ഞു നീ

 

മൃത്യുവിന്റെ കയ്പറിയാ നിത്യനാഥനേ!

ശത്രുരക്ഷ ചെയ്‌വതിന്നായത്ര വന്നു നീ

 

ഭക്തിഹീനരായിരുന്ന ഞങ്ങൾക്കുവേണ്ടി

മൃത്യുവെ സഹിപ്പാൻ മടികാട്ടിയില്ല നീ

 

സത്യദൈവത്തിന്നറിവാൽ മർത്യരെയെല്ലാം

ശുദ്ധീകരിച്ചെടുപ്പാനായ് മൃത്യുവേറ്റു നീ

 

ദൃശ്യമല്ലാതുള്ള ദൈവതത്വമശേഷം

വിശ്വമതിൽ തെളിയിച്ച വിശ്വനാഥൻ നീ

 

ഏകജാതനായവന്റെ തേജസ്സായ് ഞങ്ങൾ

ദേവസുതാ തിരുതേജസ്സിന്നും കാണുന്നു

 

ദീപതുല്യശോഭയോടു ജീവിപ്പാൻ നിന്റെ

ജീവവഴി തെളിയിക്ക ജീവനായകാ!